കാന്‍ബറ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈല്‍ സൈനികര്‍ക്ക് വിസ നിഷേധിച്ച് ഓസ്ട്രേലിയ. ഇസ്രഈലി സഹോദരങ്ങളായ ഒമര്‍ ബെര്‍ഗര്‍ (24), എല്ല ബര്‍ഗര്‍ (22) എന്നിവര്‍ക്കാണ് വിസ നിഷേധിക്കപ്പെട്ടത്.
യുദ്ധത്തില്‍ പങ്കാളികളാവുന്ന സൈനികര്‍ക്ക് സാധാരണയായി ഏകദേശം 13 പേജുകളുള്ള ഒരു ഫോം പൂരിപ്പിക്കാന്‍ നല്‍കാറുണ്ട്. ഇത് പരിശോധിച്ച ശേഷമാണ് ഇസ്രഈലി സൈനികര്‍ക്ക് ഓസ്ട്രേലിയ വിസ നിഷേധിച്ചതെന്ന് ഇസ്രഈലി പത്രമായ യെനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇവര്‍ക്കൊപ്പം കുടുംബത്തിലെ മറ്റ് നാല് പേരും വിസയ്ക്കായി അപേക്ഷിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് പെട്ടെന്ന് വിസ ലഭിച്ചപ്പോള്‍, ഓമറിന്റെയും എല്ലയുടേയും പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ നിരസിച്ചത്.
യുദ്ധത്തില്‍ ആളുകളെ ശാരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്തിട്ടുണ്ടോ?, ജയിലുകളില്‍ ഗാര്‍ഡുകളായും ഉദ്യോഗസ്ഥരായും പ്രവര്‍ത്തിച്ച രീതി, ആ നിലയിലുള്ള അവരുടെ റോളുകള്‍, യുദ്ധക്കുറ്റങ്ങളിലോ വംശഹത്യയിലോ പങ്കെടുത്തിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഫോമില്‍ ഉള്‍പ്പെട്ടിരുന്നത്.
അതേസമയം ഈ അധിക പേപ്പര്‍ വര്‍ക്കുകള്‍ ഒരു പതിവ് നടപടിക്രമമാണെന്നാണ് ഒരു ഓസ്‌ട്രേലിയന്‍ അധികൃതര്‍ വിശദീകരിച്ചു. ആരോടും വേര്‍തിരിവ് കാണിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11,000 ഇസ്രഈലി വിസകള്‍ ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ നവംബറില്‍ സമാനമായി ഇസ്രഈല്‍ മുന്‍മന്ത്രി ആയലെത്ത് ഷാക്കെദിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിസ നിഷേധിച്ചിരുന്നു. ഇസ്രഈലിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യാമിന പാര്‍ട്ടിയുടെ മുന്‍ എം.പിയായ ഷാക്കെദ്, ഓസ്ട്രേലിയ- ഇസ്രഈല്‍ ജൂയിഷ് അഫേഴ്സ് കൗണ്‍സിലില്‍ പങ്കെടുക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയാണ്ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തള്ളിയത്.
ഷാക്കേദ് ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടത്തും എന്നാണ് വിസ നിഷേധിക്കാന്‍ കാരണമായി ഓസ്ട്രേലിയെന്‍ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.
അതേസമയം ഇത്തരത്തില്‍ യുദ്ധത്തില്‍ പങ്കാളികള്‍ ആവുന്ന സൈനികര്‍ക്ക് വിദേശരാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള വിലക്കും അറസ്റ്റും നേരിടാന്‍ സാധ്യതയുണ്ടെന്ന് ഇസ്രഈലി ചാരസംഘടനയായ മൊസാദ് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആയതിനാല്‍ ഗസയിലെ യുദ്ധഭൂമിയില്‍ നിന്ന് എടുക്കുന്ന ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് മൊസാദ് ഇസ്രഈലി സൈനികരോട് നിര്‍ദേശം നല്‍കുകയായിരുന്നു.
ഗസയിലെ വംശഹത്യയില്‍ പങ്കെടുത്ത ഇസ്രഈല്‍ സൈന്യത്തിനെതിരെ വിവിധ രാജ്യങ്ങളിലായി നിരവധി പരാതികള്‍ നിലവിലുണ്ട്. 1000 ഇസ്രഈലി സൈനികര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഫലസ്തീന്‍ സംഘടനയായ ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പരാതി നല്‍കിയിരുന്നു.
Content Highlight: Australia denied entry into Israeli soldiers for following war crimes visa questions