Sports News
രണ്ടര മണിക്കൂര്‍, പാകിസ്ഥാന്റെ ലൈംലൈറ്റ് തട്ടിയെടുത്ത് ദി മൈറ്റി ഓസീസ്; വാട്ട് എ ക്രിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 31, 02:24 am
Thursday, 31st August 2023, 7:54 am

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് പടുകൂറ്റന്‍ ജയം. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 111 റണ്‍സിന്റെ പടുകൂറ്റന്‍ ജയം നേടിയാണ് ഓസീസ് തുടങ്ങിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ആറ് റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ ഓസീസിന് നഷ്ടമായി.

എന്നാല്‍ വണ്‍ ഡൗണായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എത്തിയതോടെ കളി മാറിയിരുന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളിടച്ചുകൂട്ടി മാര്‍ഷ് തിളങ്ങി.

അതിനിടെ രണ്ടാം ഓപ്പണറായ മാറ്റ് ഷോര്‍ട്ടിനെയും ഓസീസിന് നഷ്ടമായിരുന്നു. 11 പന്തില്‍ 20 റണ്‍സ് നേടിയാണ് ഷോര്‍ട്ട് പുറത്തായത്. ഷോര്‍ട്ടിന് പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് ഒരു റണ്‍സിനും മാര്‍കസ് സ്‌റ്റോയിനിസ് ആറ് റണ്‍സിനും കൂടാരം കയറി.

എന്നാല്‍ ആറാം നമ്പറിലിറങ്ങിയ ടിം ഡേവിഡിനൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. ക്യാപ്റ്റനൊപ്പം ടിം ഡേവിഡും റണ്ണടിച്ചുകൂട്ടിയതോടെ സ്‌കോര്‍ബോര്‍ഡിന് വീണ്ടും ജീവന്‍ വെച്ചു. 77/4 എന്ന നിലയില്‍ ഒന്നുചേര്‍ന്ന ഈ കൂട്ടുകെട്ട് പിരിയുന്നത്. 174ാം റണ്‍സിലാണ്. ഡേവിഡിനെ പുറത്താക്കി തബ്രിയാസ് ഷംസിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

28 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും നാല് സിക്‌സറുമായി 64 റണ്‍സാണ് പുറത്താകുമ്പോള്‍ ഡേവിഡ് നേടിയത്. 228.57 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഡേവിഡിന്റെ വെടിക്കെട്ട്.

ടിം ഡേവിഡ് പുറത്തായെങ്കിലും മാര്‍ഷ് അടി തുടര്‍ന്നു. 49 പന്തില്‍ പുറത്താകാതെ 92 റണ്‍സാണ് മാര്‍ഷ് നേടിയത്. 13 ബൗണ്ടറിയും രണ്ട് സിക്‌സറുമായിരുന്നു മാര്‍ഷ് സ്റ്റോമിലുണ്ടായിരുന്നത്. 181.82 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു കങ്കാരുക്കളുടെ നായകനുണ്ടായിരുന്നത്.

14 പന്തില്‍ 23 റണ്‍സ് നേടി ആരോണ്‍ ഹാര്‍ഡിയും ടീം സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 226 എന്ന നിലയില്‍ ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി മാര്‍ഷിനൊപ്പം സീന്‍ അബോട്ട് പുറത്താകാതെ നിന്നു.

പ്രോട്ടീസിനായി ലിസാഡ് വില്യംസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെറാള്‍ഡ് കോട്‌സി, തബ്രിയാസ് ഷംസി, മാര്‍കോ യാന്‍സെന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മുന്‍ നായകന്‍ തെംബ ബാവുമ സില്‍വര്‍ ഡക്കായി മടങ്ങി. ടീം സ്‌കോര്‍ 50 കടക്കും മുമ്പ് റാസി വാന്‍ ഡെര്‍ ഡുസെനും മടങ്ങി. 11 പന്തില്‍ 21 റണ്‍സ് നേടിയാണ് ആര്‍.വി.ഡി പുറത്തായത്.

പിന്നീടെല്ലാം ചടങ്ങ് മാത്രമായി. ക്യാപ്റ്റനടക്കമുള്ളവര്‍ ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ 14 പന്തില്‍ 20 റണ്‍സ് നേടിയ മാര്‍കോ യാന്‍സെന്‍ മാത്രം ചെറുത്തുനിന്നു.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ഓപ്പണറായ റീസ ഹെന്‍ഡ്രിക്‌സിന് സാധിച്ചത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹെന്‍ഡ്രിക്‌സിന് പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കാതെ വന്നതോടെ പ്രോട്ടീസ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

ടീം സ്‌കോര്‍ 114 നില്‍ക്കവെ ഒമ്പതാം വിക്കറ്റായി ഹെന്‍ഡ്രിക്‌സ് മടങ്ങിയതോടെ ആ പതനം പൂര്‍ത്തിയായി. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 115 റണ്‍സിന് സൗത്ത് ആഫ്രിക്ക ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ 111 റണ്‍സിന്റെ വിജയമാണ് ഓസീസ് നേടിയത്.

ഓസീസിനായി തന്‍വീന്‍ സാംഗ നാല് വിക്കറ്റ് നേടിയപ്പോള്‍ മാര്‍കസ് സ്‌റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി. സ്‌പെന്‍സര്‍ ജോണ്‍സണ്‍ രണ്ടും സീന്‍ അബോട്ട് ഒരു വിക്കറ്റും നേടിയതോടെ പ്രോട്ടീസ് പതനം പൂര്‍ത്തിയായി.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന്റെ ലീഡ് നേടാനും കങ്കാരുക്കള്‍ക്കായി. സെപ്റ്റംബര്‍ ഒന്നിനാണ് പരമ്പരയിലെ അടുത്ത മത്സരം. കിങ്‌സ്മീഡ് തന്നെയാണ് വേദി.

 

 

Content highlight: Australia defeats South Africa