2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയിരിക്കുകയാണ്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയിച്ചാണ് ഓസീസ് ആറാം കിരീടം സ്വന്തമാക്കിയത്.
1979ല്‍ ആദ്യ കിരീടം സ്വന്തമാക്കിയ ഓസീസ് 1999, 2003, 2007 ലോകകപ്പുകളില്‍ വിജയിച്ച് ഹാട്രിക് കിരീടവും സ്വന്തമാക്കിയിരുന്നു. കിരീടം നിലനിര്‍ത്താനുറച്ച് ഇറങ്ങിയ 2011ല്‍ പരാജയപ്പെട്ടെങ്കിലും 2015ല്‍ കിവികളെ തോല്‍പിച്ച് തങ്ങളുടെ സിംഹാസനം ഓസീസ് തിരിച്ചുപിടിച്ചു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കങ്കാരുക്കള്‍ മറ്റൊരു കിരീടവും സ്വന്തമാക്കിയിരിക്കുയാണ്.
ഈ ലോകകപ്പിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട് ഒരുവേള പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി തലകുനിച്ചുനിന്ന ഓസീസ് ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ആറാം കിരീടമുയര്‍ത്തിയത്.
ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റുകൊണ്ടായിരുന്നു കങ്കാരുക്കള്‍ വേള്‍ഡ് കപ്പ് ക്യാംപെയ്ന്‍ ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ 200 റണ്‍സ് പോലും കണ്ടെത്താന്‍ സാധിക്കാതെ ഓസീസ് കുഴഞ്ഞു. ആരാധകര്‍ പോലും വിമര്‍ശിച്ച ഇന്നിങ്‌സായിരുന്നു ഓസീസ് അന്ന് പുറത്തെടുത്തത്.
രണ്ടാം മത്സരത്തിലാകട്ടെ പടുകൂറ്റന്‍ പരാജയമാണ് ഓസീസ് നേരിട്ടത്. സൗത്ത് ആഫ്രിക്കക്കെതിരെ നേരിട്ട 134 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വി ടീമിന്റെ നെറ്റ് റണ്‍ റേറ്റിനെയും കാര്യമായി ബാധിച്ചു.
ഈ തോല്‍വിക്ക് പിന്നാലെ നെതര്‍ലന്‍ഡ്‌സിനും ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനും കീഴെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനക്കാരായി തലകുനിച്ചുനില്‍ക്കേണ്ട ഗതികേടും ഓസീസിനുണ്ടായി.
എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഓസീസിന്റെ ജൈത്രയാത്രയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. ഒന്നിന് പിന്നാലെ ഒന്നായി വിജയിച്ച് പോയിന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനക്കാരായാണ് സെമിയില്‍ പ്രവേശിച്ചത്.
സെമിയില്‍ നേരിടാനുണ്ടായിരുന്നത് സൗത്ത് ആഫ്രിക്കയെയായിരുന്നു. ഇതിന് മുമ്പ് കളിച്ച നാല് ഏകദിനത്തിലും 100+ റണ്‍സിന് തോല്‍പിച്ച് സൗത്ത് ആഫ്രിക്ക സെമിയിലും അത് ആവര്‍ത്തിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. സെമിയില്‍ മൂന്ന് വിക്കറ്റിന് വിജയിച്ച് ഓസീസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
20 വര്‍ഷം മുമ്പ് തീര്‍ക്കാന്‍ ബാക്കിവെച്ച കടവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് ഈ ലോകകപ്പില്‍ തുടര്‍ന്നുവന്ന ഡോമിനേഷന്‍ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ആദ്യ പത്ത് മത്സരത്തിലും വിജയിച്ച ഇന്ത്യ കലാശപ്പോരാട്ടത്തില്‍ കാലിടറി വീഴുകയായിരുന്നു.
Content highlight: Australia defeates South Africa and India in 2023 world cup knockouts