| Wednesday, 21st February 2024, 5:07 pm

സ്‌ട്രൈക്ക് റേറ്റ് 310.00; അവസാന പത്ത് പന്തില്‍ വേണ്ടത് 33 റണ്‍സ്, പിന്നെ കണ്ടത് ടിം ഡേവിഡിന്റെ അഴിഞ്ഞാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യില്‍ ഓസ്‌ട്രേലിയക്ക് ജയം. വെല്ലിങ്ടണ്‍ റീജ്യണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന പന്തിലാണ് ഓസീസ് വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടി. ഡെവോണ്‍ കോണ്‍വേയുടെയും രചിന്‍ രവീന്ദ്രയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോറിലെത്തിയത്.

രചിന്‍ 35 പന്തില്‍ 68 റണ്‍സാണ് നേടിയത്. ആറ് സിക്‌സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 194.29 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

46 പന്തില്‍ നിന്നും രണ്ട് സിക്‌സറിന്റെയും അഞ്ച് ബൗണ്ടറിയുടെയും അകമ്പടിയോടെ 63 റണ്‍സാണ് കോണ്‍വേ നേടിയത്.

ഇവര്‍ക്ക് പുറമെ ഓപ്പണര്‍ ഫിന്‍ അലന്‍ (17 പന്തില്‍ 32), ഗ്ലെന്‍ ഫിലിപ്‌സ് (10 പന്തില്‍ 19) മാര്‍ക് ചാപ്മാന്‍ (13 പന്തില്‍ 18) എന്നിവരുടെ ഇന്നിങ്‌സും കിവികള്‍ക്ക് തുണയായി.

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 24 റണ്‍സ് നേടിയപ്പോള്‍ വാര്‍ണര്‍ 32 റണ്‍സും നേടി പുറത്തായി.

വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് ഓസീസ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 44 പന്തില്‍ പുറത്താകാതെ 72 റണ്‍സാണ് നേടിയത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍ 11 പന്തില്‍ 25 റണ്‍സ് നേടിയപ്പോള്‍ ജോഷ് ഇംഗ്ലിസ് 20 പന്തില്‍ 20 റണ്‍സും നേടി മടങ്ങി.

പിന്നാലെയെത്തിയ ടിം ഡേവിഡിന്റെ വെടിക്കെട്ടിനാണ് വെല്ലിങ്ടണ്‍ സാക്ഷ്യം വഹിച്ചത്. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 35 റണ്‍സ് വേണമെന്നിരിക്കെ മാര്‍ഷിനെ ഒരു വശത്ത് നിര്‍ത്തി ടിം ഡേവിഡ് കങ്കാരുക്കളെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

18ാം ഓവര്‍ അവസാനിക്കുമ്പോള്‍ 181ന് നാല് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. ആദം മില്‍നെ എറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സറും ഒരു ഫോറും അടക്കം ഇതില്‍ 16 റണ്‍സും ടിം ഡേവിഡിന്റെ വകയായിരുന്നു.

1, 1B, 1, 4, 6, 6 എന്നിങ്ങനൊണ് 19ാം ഓവറില്‍ റണ്‍സ് പിറന്നത്.

അവസാന ഓവറില്‍ 16 റണ്‍സാണ് കങ്കാരുക്കള്‍ക്ക് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. ആദ്യ പന്ത് വൈഡായപ്പോള്‍ പിന്നീടുള്ള മൂന്ന് പന്തില്‍ നിന്നും മൂന്ന് റണ്‍സും പിറന്നു.

അവസാന മൂന്ന് പന്തില്‍ 12 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ടിം സൗത്തിയെറിഞ്ഞ ഓവറിലെ നാലാം പന്ത് ഡേവിഡ് സിക്‌സറിന് പറത്തി. തൊട്ടടുത്ത പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തിയ യുവതാരം അവസാന പന്തില്‍ ബൗണ്ടറി നേടി ഓസീസിന് വിജയം സമ്മാനിച്ചു.

1WD, 1LB, 1, 1 LB, 6, 2, 4 എന്നിങ്ങനെയാണ് അവസാന ഓവറില്‍ ഓസീസ് അടിച്ചെടുത്തത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും കങ്കാരുക്കള്‍ക്കായി. ഫെബ്രുവരി 23നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഈഡന്‍ പാര്‍കാണ് വേദി.

Content highlight: Australia defeated New Zealand

We use cookies to give you the best possible experience. Learn more