ഒരര്‍ത്ഥത്തില്‍ ഇത് സൗത്ത് ആഫ്രിക്കയോടുള്ള പ്രതികാരം തന്നെ; സ്വന്തം പേരുവെട്ടി പുതിയ റെക്കോഡുമായി ഓസീസ്
ICC Ranking
ഒരര്‍ത്ഥത്തില്‍ ഇത് സൗത്ത് ആഫ്രിക്കയോടുള്ള പ്രതികാരം തന്നെ; സ്വന്തം പേരുവെട്ടി പുതിയ റെക്കോഡുമായി ഓസീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th October 2023, 9:00 pm

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി ഓസ്‌ട്രേലിയ. ബുധനാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 309 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്.

ഓസീസ് ഉയര്‍ത്തിയ 400 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 90 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാര്‍ജിനിന്റെ റെക്കോഡാണ് ഓസീസ് തങ്ങളുടെ പേരില്‍ കുറിച്ചത്.

2015ല്‍ ഓസ്‌ട്രേലിയ തന്നെ അഫ്ഗാനെതിരെ കുറിച്ച 275 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ടീം 300 റണ്‍സ് മാര്‍ജിനില്‍ വിജയിക്കുന്നതും ഇതാദ്യമാണ്.

ലോകകപ്പിലെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍

(ടീം – എതിരാളികള്‍ – മാര്‍ജിന്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഓസ്‌ട്രേലിയ – നെതര്‍ലന്‍ഡ്‌സ് – 309 – 2023

ഓസ്‌ട്രേലിയ – അഫ്ഗാനിസ്ഥാന്‍ – 257 – 2015

ഇന്ത്യ – ബെര്‍മുഡ – 257 – 2007

സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 257 – 2015

ഓസ്‌ട്രേലിയ – നമീബിയ – 256 – 2003

ഏകദിനത്തിലെ ഏറ്റവും വലിയ രണ്ടാമത് വിജയം എന്ന റെക്കോഡും ഇതോടെ ഓസീസ് തങ്ങളുടെ പേരിലാക്കി. സിംബാബ്‌വേ അമേരിക്കക്കെതിരെ നേടിയ 304 റണ്‍സിന്റെ റെക്കോഡ് മറികടന്നാണ് ഓസീസ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ഏകദിനത്തിലെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍

(ടീം – എതിരാളികള്‍ – മാര്‍ജിന്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഇന്ത്യ – ശ്രീലങ്ക – 314 – 2023

ഓസ്‌ട്രേലിയ – നെതര്‍ലന്‍ഡ്‌സ് – 309 – 2023

സിംബാബ്‌വേ – യു.എസ്.എ – 304 – 2023

ന്യൂസിലാന്‍ഡ്- അയര്‍ലന്‍ഡ് – 290 – 2008

ഓസ്‌ട്രേലിയ – അഫ്ഗാനിസ്ഥാന്‍ – 257 – 2015

സൗത്ത് ആഫ്രിക്ക – സിംബാബ്‌വേ – 272 – 2010

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് നിന്നുള്ള ഓസ്‌ട്രേലിയയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ ലോകകപ്പ് കാണുന്നത്. തുടര്‍ച്ചയായ മൂന്നാം വിജയവും സ്വന്തമാക്കി ഓസീസ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

ഈ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയ ഏക ടീമായ നെതര്‍ലന്‍ഡ്‌സിനെ തന്നെ തോല്‍പിക്കാനായാതും ഓസട്രേലിയന്‍ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും നേര്‍ക്കുനേര്‍ വന്ന അവസാന നാല് മത്സരത്തിലും നൂറിലധികം റണ്‍സിനാണ് ഓസ്‌ട്രേലിയ പരാജയപ്പെട്ടത്. ആ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ച ഏക ടീമായ നെതര്‍ലന്‍ഡ്‌സിനെ തന്നെ പരാജയപ്പെടുത്തി റെക്കോഡ് വിജയം നേടിയതോടെ ഇത് സൗത്ത് ആഫ്രിക്കയെ തോല്‍പിച്ചതുപോലെയെന്നാണ് ചില ആരാധകര്‍ പറയുന്നത്.

ഡേവിഡ് വാര്‍ണറിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദം സാംപയാണ് ബൗളിങ്ങില്‍ ഓസീസിന് കരുത്തായത്. മൂന്ന് ഓവര്‍ പന്തെറിഞ്ഞ് എട്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് സാംപ പിഴുതെറിഞ്ഞത്. സാംപക്ക് പുറമെ മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഒക്ടോബര്‍ 20നാണ് ഓസീസിന്റെ അടുത്ത മത്സരം. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

 

Content Highlight: Australia defeated Netherlands by 309 runs