ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ സന്ദര്‍ശകര്‍ക്ക് ജയം. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് ആറ് പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ ഷെഫാലി വര്‍മയെ ടീമിന് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. ആറ് പന്ത് നേരിട്ട് ഒറ്റ റണ്‍സ് മാത്രം നേടിയാണ് ഷെഫാലി പുറത്തായത്.
ജെമീമ റോഡ്രിഗസിനും ക്യാപ്റ്റന്‍ ഹര്‍മനും കാര്യമായി സ്‌കോര്‍ ബോര്‍ഡില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.
എന്നാല്‍ ദീപ്തി ശര്‍മയും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും ചേര്‍ന്ന് പതിയെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ശര്‍മ 27 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ റിച്ച ഘോഷ് 19 പന്തില്‍ 23 റണ്‍സും നേടി പുറത്തായി. 26 പന്തില്‍ 23 റണ്‍സ് നേടിയ സ്മൃതി മന്ഥാനയും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ തന്റേതായ പങ്കുവഹിച്ചു.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 130 റണ്‍സ് നേടി.
ഓസ്‌ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ്, ജോര്‍ജിയ വെയര്‍ഹാം, കിം ഗ്രാത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ദീപ്തി ശര്‍മ റണ്‍ ഔട്ടായപ്പോള്‍ ആഷ്‌ലീഗ് ഗാര്‍ഡ്‌നറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ക്യാപ്റ്റന്‍ അലീസ ഹീലിയും ബെത് മൂണിയും ചേര്‍ന്നാണ് ഓസീസ് സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയത്.
പിന്നാലെയെത്തിയ താലിയ മഗ്രാത്തും എലിസ് പെറിയും സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. മഗ്രാത് 21 പന്തില്‍ 19 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് പെറി നേടിയത്. 12 പന്തില്‍ പുറത്താകാതെ 18 റണ്‍സ് നേടിയ യുവതാരം ഫോബ് ലീച്ച്ഫീല്‍ഡും നിര്‍ണായകമായി.
ഒടുവില്‍ 19 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് വിജലക്ഷ്യം മറികടന്നു.
ഈ ജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ലെത്തിക്കാനും ഓസ്‌ട്രേലിയക്കായി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
ഓസീസ് ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റും 14 പന്തും കയ്യിലിരിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ടിറ്റസ് സാധുവിന്റെ നാല് വിക്കറ്റ് നേട്ടവും ഓപ്പണര്‍മാരായ ഷെഫാലി വര്‍മയുടെയും സ്മൃതി മന്ഥാനയുടെയും അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
ചൊവ്വാഴ്ച നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
Content highlight: Australia defeated India