2023 ലോകകപ്പിലെ 39ാം മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച തിരിച്ചുവരവുമായി ഓസ്‌ട്രേലിയ. വന്‍ പരാജയം മുമ്പില്‍ കണ്ടിടത്ത് നിന്നും വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ചിറകിലേറി വിജയത്തിലേക്ക് പറന്നിറങ്ങിയാണ് ഓസ്‌ട്രേലിയ വാംഖഡെയില്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.
മാക്‌സ്‌വെല്ലിന്റെ അപരാജിത ഇരട്ട സെഞ്ച്വറി നേട്ടമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. ഒരുവേള 91 റണ്‍സിന് ഏഴ് എന്ന നിലയില്‍ നിന്നുമാണ് 293 റണ്‍സിലേക്ക് ഓസീസെത്തിയത്. 128 പന്തില്‍ നിന്നും 201 റണ്‍സടിച്ചാണ് മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയയുടെ രക്ഷകനായത്.
ഏഴാം വിക്കറ്റ് നഷ്ടമായതോടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ക്രീസിലെത്തിയത്. ഒരുവശത്ത് കമ്മിന്‍സ് വിക്കറ്റ് നഷ്ടപ്പെടുത്താതെ നങ്കൂരമിട്ട് നില്‍ക്കുകയും മറുവശത്ത് മാക്‌സ്‌വെല്‍ ആഞ്ഞടിക്കുകയും ചെയ്യുന്നതായിരുന്നു ഓസീസിന്റെ മാസ്റ്റര്‍ പ്ലാന്‍. അത് ഇരുവരും ചേര്‍ന്ന് കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു.
മാക്‌സ്‌വെല്ലിന് മികച്ച സപ്പോര്‍ട്ടുമായി മറുവശത്ത് നിന്ന പാറ്റ് കമ്മിന്‍സിന്റെ ഇന്നിങ്‌സും മറന്നുപോകരുത്. 68 പന്തില്‍ 12 റണ്‍സ് മാത്രമാണ് കമ്മിന്‍സ് നേടിയതെങ്കിലും താരത്തിന്റെ ചെറുത്ത് നില്‍പ് കൂടിയാണ് ഓസീസിന്റെ വിജയത്തിന് കാരണമായത്.
തോല്‍വി കണ്‍മുമ്പില്‍ കണ്ട ഓസ്‌ട്രേലിയയില്‍ നിന്നും പ്രതാപകാലത്തെ മൈറ്റി ഓസീസിലേക്കുള്ള ചുവടുമാറ്റമായിരുന്നു വാംഖഡെയില്‍ ആരാധകര്‍ കണ്ടത്.
ഈ വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടവും ഓസ്‌ട്രേലിയയെ തേടിയെത്തി. ലോകകപ്പില്‍ ഓസ്‌ട്രേലിയ ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. നേരത്തെ ഇന്ത്യക്കെതിരെ നേടിയ 258 റണ്‍സാണ് ലോകകപ്പില്‍ ഓസീസ് പിന്തുടര്‍ന്ന് നേടിയ ഉയര്‍ന്ന വിജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ഇബ്രാഹിം സദ്രാന്റെ അപരാജിത സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. സദ്രാന്‍ 143 പന്തില്‍ പുറത്താകാതെ 129 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 35 റണ്‍സുമായി റാഷിദ് ഖാനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
ഈ വിജയത്തിന് പിന്നാലെ സെമിയില്‍ പ്രവേശിക്കാനും ഓസ്‌ട്രേലിയക്കായി. നിലവില്‍ എട്ട് മത്സരത്തില്‍ നിന്നും ആറ് വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഓസീസ്.