| Tuesday, 21st March 2017, 6:07 pm

കോഹ്‌ലി കളിക്കളത്തിലെ ഡൊണാള്‍ഡ് ട്രംപ്: ഓസീസ് മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച് ഓസീസ് മാധ്യമങ്ങള്‍. കളിക്കളത്തില്‍ താരം പ്രകടിപ്പിക്കുന്ന വാശിയും ഓസീസ് താരങ്ങളുമായുള്ള ഏറ്റുമുട്ടലുകളുമാണ് കോഹ്‌ലിയെ ട്രംപുമായി ഉപമിക്കാനുള്ള കാരണങ്ങളായി മാധ്യമങ്ങള്‍ പറയുന്നത്.


Also read ഉത്സവ ദിവസം വീട്ടില്‍ മദ്യം വിളമ്പിയെന്ന് ആരോപിച്ച് തൃശൂരില്‍ ദളിത് കുടുംബത്തെ ബി.ജെ.പി ഊരുവിലക്കി; കുടുംബാഗങ്ങള്‍ക്ക് മര്‍ദ്ദനവും 


ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ താരങ്ങള്‍ തമ്മിലുള്ള പ്രസ്താവനകളും വിവാദങ്ങളും കളത്തിനു പുറത്തും ചൂടുള്ള വാര്‍ത്തയായിരുന്നു. ആദ്യ ടെസ്റ്റിലെ പിച്ച് വിവാദം രണ്ടാം ടെസ്റ്റിലെ ഡി.ആര്‍.എസ്. മൂന്നാം ടെസ്റ്റിലെ ആഹ്ലാദ പ്രകടനങ്ങള്‍ അങ്ങിനെ പോകുന്നു പരമ്പരയിലെ വിവാദങ്ങള്‍. മൂന്നാം മത്സരം അവസാനിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയെ 28കാരനായ ട്രംപെന്ന് വിശേഷിപ്പിച്ച് ഓസീസ് മാധ്യമങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

“ലോക കായികരംഗത്തെ 28 വയസുകാരനായ ഡോണള്‍ഡ് ട്രംപാണ് കോഹ്ലിയെന്നു” ഡെയ്ലി ടെലിഗ്രാഫ് ആണ് അഭിപ്രായപ്പെട്ടത്. ലോക കായികരംഗത്തെ ട്രംപായി വളര്‍ന്നുവരികയാണു കോഹ്ലിയെന്നും ട്രംപിനെപ്പോലെ കോഹ്ലിയും വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിനെപ്പോലെ തനിക്കെതിരായ ആരോപണങ്ങള്‍ മറച്ചുവയ്ക്കാന്‍ കോഹ്ലി മാധ്യമങ്ങളെ പഴിപറയുകയാണെന്നും ഡെയ്ലി ടെലിഗ്രാഫ് കുറ്റപ്പെടുത്തി. മൂന്നാം ടെസ്റ്റില്‍ മല്‍സരത്തിനിടെ തോളിനു പരുക്കേറ്റ കോഹ്ലിയെ ഗ്ലെന്‍ മാക്‌സ്വെല്‍ തോള്‍വേദന അഭിനയിച്ച് പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ കോഹ്ലി ജഡേജയുടെ പന്തില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായപ്പോള്‍ തന്റെ വലതുതോളില്‍ പിടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓസീസ് മാധ്യമങ്ങളുടെ വിമര്‍ശനം.

We use cookies to give you the best possible experience. Learn more