സിഡ്‌നി: ഒരു കാലത്ത് ലോകക്രിക്കറ്റിലെ സര്‍വപ്രതാപികളായിരുന്ന ഓസ്‌ട്രേലിയന്‍ ടീം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മിസൈല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിശീലനമുറകള്‍ ടീം അംഗങ്ങള്‍ക്ക് നല്‍കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു. പേസ് ബോളര്‍മാരുടെ പ്രകടനമികവ് വര്‍ധിപ്പിക്കാനും പരുക്കിനുള്ള സാധ്യതകള്‍ കഴിയുന്നത്ര കുറയ്ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.
അടുത്തുതന്നെ നടക്കാനിരിക്കുന്ന ശ്രീലങ്ക പരമ്പരയ്ക്ക് മുന്നോടിയായി പുതിയ സാങ്കേതികവിദ്യയുടെ സഹായം ഉറപ്പാക്കും. അതിനുശേഷം നടക്കുന്ന ആഷസ് പരമ്പരയില്‍ കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. സാധാരണയായി സൈനിക വൃത്തങ്ങളില്‍ ഉപയോഗിക്കുന്ന “ടോര്‍പിഡോ ടെക്‌നോളജി”യാണ് ഇതിനായി ഉപയോഗിക്കുക.
ഓസ്‌ട്രേലിയന്‍ കാത്തലിക് സര്‍വകലാശാലയിലെ പ്രശസ്തമായ സ്‌കൂള്‍ ഓഫ് എക്‌സെര്‍സൈസ് സയന്‍സിലെ ശാസ്ത്രജ്ഞരാണ് പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ മാര്‍ഗം അവതരിപ്പിക്കുന്നത്. ഒരു പേസ് ബോളറുടെ അദ്ധ്വാനം ബോള്‍ ചെയ്യുന്ന പന്തുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തുന്ന നിലവിലെ രീതിയ്ക്ക് പകരം അതിനായി എടുക്കുന്ന ശ്രമവും കായികാദ്ധ്വാനവും അളക്കുന്നതാണ് പുതിയ രീതി. പേസ് ബോളര്‍മാരുടെ മികവ് വര്‍ധിപ്പിക്കുന്നതിനൊപ്പം പരുക്കിനുള്ള സാധ്യതകളും ഇത് കുറയ്ക്കും.