ടി-20 ലോകകപ്പിലെ നാണക്കേടിന്റെ റെക്കോഡ് ഓസ്‌ട്രേലിയക്ക്; സ്കോട്ലാൻഡിനെ വീഴ്ത്തിട്ടും കിട്ടിയത് കനത്ത തിരിച്ചടി
Cricket
ടി-20 ലോകകപ്പിലെ നാണക്കേടിന്റെ റെക്കോഡ് ഓസ്‌ട്രേലിയക്ക്; സ്കോട്ലാൻഡിനെ വീഴ്ത്തിട്ടും കിട്ടിയത് കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th June 2024, 4:14 pm

ഐ. സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ലോകകപ്പിലെ തുടര്‍ച്ചയായ തങ്ങളുടെ നാലാം വിജയം സ്വന്തമാക്കിയിരുന്നു.

ബ്യൂസെജൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത സ്‌കോട്‌ലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കങ്കാരുപ്പട രണ്ടു പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരം വിജയിച്ചെങ്കിലും ഒരു മോശം നേട്ടമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ഫീല്‍ഡിങ്ങില്‍ ഒരുപാട് പിഴവുകള്‍ ആയിരുന്നു ഓസ്‌ട്രേലിയ വരുത്തിയിരുന്നത്. സ്‌കോട്‌ലാന്‍ഡിന്റെ ആറ് ക്യാച്ചുകളാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ഇതിന് പിന്നാലെ ടി-20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ ആറ് ക്യാച്ചുകള്‍ കൈവിട്ടു കളയുന്ന ആദ്യ ടീമെന്ന എന്ന മോശം നേട്ടമാണ് ഓസ്‌ട്രേലിയയെ തേടിയെത്തിയത്.

അതേസമയം 34 പന്തില്‍ 60 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ മക്മുള്ളന്റെയും 31 പന്തില്‍ 42 റണ്‍സ് നേടി പുറത്താവാതെ നിന്ന നായകന്‍ റിച്ചി ബെറിംഗ്ടണിന്റെയും കരുത്തിലാണ് സ്‌കോട്‌ലാന്‍ഡ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ ട്രാവിസ് ഹെഡ് 49 പന്തില്‍ 68 റണ്‍സും മാര്‍ക്കസ് സ്റ്റോണീസ് 29 പന്തില്‍ 59 റണ്‍സും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഓസ്‌ട്രേലിയ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് ബി യില്‍ നാലു മത്സരങ്ങളും വിജയിച്ചുകൊണ്ട് എട്ട് പോയിന്റോടെ രാജകീയമായാണ് കങ്കാരുപട അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

 

Content Highlight: Australia Cricket Team Create a Unwanted Record in T20 World Cup