|

പുതുവര്‍ഷത്തില്‍ ദേശീയ ഗാനം തിരുത്തി ഓസ്‌ട്രേലിയ; പുതിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ദേശീയ ഗാനം ഭേദഗതി ചെയ്ത് ഓസ്‌ട്രേലിയ. നമ്മള്‍ യുവത്വമുള്ളവരും സ്വതന്ത്രരുമാണ് എന്ന വരിയിലാണ് ഓസ്‌ട്രേലിയ മാറ്റം വരുത്തിയത്.

രാജ്യത്തെ പരമ്പരാഗത ഗോത്ര വിഭാഗങ്ങളെ അവഗണിക്കുന്നു എന്ന വിമര്‍ശനം ഒഴിവാക്കാന്‍ നമ്മള്‍ യുവത്വമുള്ളവരും സ്വതന്തരുമാണ് എന്ന വരി മാറ്റി നമ്മള്‍ ഒന്നാണ് സ്വതന്ത്രരാണ് എന്നവരി ദേശീയ ഗാനത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ആദ്യമായാണ് ഓസ്‌ട്രേലിയ ദേശീയ ഗാനത്തില്‍ മാറ്റം വരുത്തുന്നത്.
” ഓസ്‌ട്രേലിയ ഒരു പുതിയ ആധുനിക രാഷ്ട്രമാണ്. എന്നിരുന്നാലും പുരാതന വേരുകളുള്ള രാജ്യവുമാണ്,” തീരുമാനത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

യുവത്വമുള്ളതും സ്വതന്ത്രരും എന്നത് മാറ്റി നമ്മള്‍ ഒന്നാണ് സ്വതന്ത്രരാണ് എന്നാക്കി തീര്‍ക്കുന്നത് ഒന്നിലും മാറ്റം വരുത്തുന്നില്ലെന്നും അത് വലിയ അര്‍ത്ഥതലങ്ങള്‍ ദേശീയ ഗാനത്തിന് നല്‍കുക മാത്രമേ ചെയ്യുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പീറ്റര്‍ ഡോസ്‌സ് മക്കോര്‍മികാണ് ഓസ്‌ട്രേലിയയുടെ ദേശീയ ഗാനം കംപോസ് ചെയ്തത്. 1878ലാണ് ഇത് ആദ്യമായി ആലപിക്കുന്നത്. പിന്നീട് 1984ല്‍ പീറ്റര്‍ ഡോഡ്‌സ് കംപോസ് ചെയ്ത ഗാനം ഓസ്‌ട്രേലിയയുടെ ദേശീയ ഗാനമായി അംഗീകരിക്കുകയായിരുന്നു.

പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന തദ്ദേശീയവാസികളുമായി അനുരജ്ഞനത്തിലെത്താന്‍ പതിറ്റാണ്ടുകളായി ഓസ്‌ട്രേലിയ ശ്രമം നടത്തുന്നുണ്ട്. ബ്രിട്ടീഷ് കോളനികള്‍ കെട്ടിപ്പെടുക്കുന്നതിന് മുന്‍പ് ഓസ്‌ട്രേലിയയില്‍ അധിവസിച്ചിരുന്നവരാണ് ഇവര്‍.

ജനുവരി 26 ആണ് ഓസ്‌ട്രേലിയന്‍ ദിനമായി രാജ്യത്ത് ആചരിക്കുന്നത്. 1788ല്‍ ഫ്സ്റ്റ് ഫ്‌ളീറ്റ് സിഡ്‌നി ഹാര്‍ബറിലേക്ക് കപ്പല്‍ കയറിയ ദിവസമാണിത്. അതേസമയം അധിനിവേശ ദിനമെന്നാണ് ഈ ദിവസത്തെ ഓസ്‌ട്രേലിയയിലെ പരമ്പരാഗത ഗോത്രവിഭാഗക്കാര്‍ വിളിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ ആദ്യം അധിവസിച്ചിരുന്ന തദ്ദേശീയരെ അവഗണിക്കുന്നു എന്ന തോന്നലില്‍ 2020ലാണ് ഓസ്‌ട്രേലിയ ദേശീയ ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് തീരുമാനം എടുക്കുന്നത്, 2021 പുതുവത്സര ദിനത്തില്‍ ഇത് പ്രാവര്‍ത്തികമാക്കുകയായിരുന്നു.

തദ്ദേശീയരായ ഓസ്‌ട്രേലിയക്കാര്‍ രാജ്യത്ത് നിരവധി പ്രതിസന്ധികള്‍ ഇപ്പോഴും നേരിടുന്നുണ്ട്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാര്‍ത്തവരില്‍ നിന്ന് ഇവര്‍ വിവേചനവും അസമത്വവും നേരിടുന്നത് രാജ്യത്തെ പല ഘട്ടങ്ങളിലും സംഘര്‍ഷഭരിതമാക്കിയിരുന്നു. ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ ആരോഗ്യ വിഷയങ്ങളിലും തദ്ദേശീയരായ ഓസ്ട്രലിയക്കാര്‍ പിന്നിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Australia changes national anthem to reflect indigenous past