| Monday, 19th September 2022, 5:39 pm

71 സെഞ്ച്വറിയോ? അദ്ദേഹം നിസാരക്കാരനല്ല, കോഹ്‌ലിയെക്കുറിച്ച് ഓസീസ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ നിരാശരായാണ് ടീം ഇന്ത്യ യു.എ.ഇയില്‍ നിന്ന് മടങ്ങിയതെങ്കിലും കോഹ്‌ലിയെ തേടിയെത്തുന്ന പ്രശംസകള്‍ അതിരറ്റതാണ്. കഴിഞ്ഞ സീസണുകളില്‍ താരത്തിന്റെ മോശം പ്രകടനത്തെ വിമര്‍ശിച്ചും പരിഹസിച്ചും വേട്ടയാടിയവര്‍ക്കുള്ള മധുര പ്രതികാരമായിരുന്നു താരത്തിന്റെ ഏഷ്യാ കപ്പ് പ്രകടനം.

വരാനിരിക്കുന്ന ലോകകപ്പില്‍ കോഹ്‌ലിയെ ഓപ്പണിങ്ങിന് ഇറക്കണമെന്ന് ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നതും ഏഷ്യാ കപ്പില്‍ താരം നേടിയ സെഞ്ച്വറിയുടെ ബലത്തിലാണ്. വിദേശ താരങ്ങളടക്കം ഇതിനകം കോഹ്‌ലിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് കോഹ്‌ലിയെന്നാണ് ഓസ്‌ട്രേലിയയുടെ ടി-20 ഐ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച മൊഹാലിയില്‍ ആരംഭിക്കുന്ന ടി-20 ഐ പരമ്പരക്ക് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’71 സെഞ്ച്വറി നേടുക അത്ര നിസാരമല്ല. താന്‍ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണെന്ന് കഴിഞ്ഞ 15 വര്‍ഷമായി തെളിയിച്ചു കൊണ്ടിരിക്കുകയാണ് കോഹ്‌ലി. പ്രത്യേകിച്ച് ടി-20 ക്രിക്കറ്റില്‍ വിരാട് കഴിവ് തെളിയിച്ച ഒരാളാണ്. വിരാടിനെതിരെ മത്സരിക്കുമ്പോള്‍ മാക്‌സിമം കഴിവ് പുറത്തെടുത്ത് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കാറ്,’ – ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഓസീസിന്റെ പാറ്റ് കമ്മിന്‍സും കോഹ്‌ലിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ ടീമില്‍ ഓപ്പണിങ്ങിന് ആരെയിറക്കും എന്നത് വിഷയം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിരാട് കോഹ്‌ലിയെ ഓപ്പണറാക്കി പരീക്ഷിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നല്‍കിയിരുന്നു.

മൂന്നാം ഓപ്പണറെ എടുക്കാത്ത സാഹചര്യത്തില്‍ തീര്‍ച്ചയായും കോഹ്‌ലിക്ക് ആ റോളില്‍ എത്താനാകുമെന്നും തന്റെ ഫ്രാഞ്ചൈസിക്കായി കോഹ്‌ലി ഓപ്പണിങ് നടത്തിയപ്പോള്‍ ആ റോള്‍ മനോഹരമായി ചെയ്തിട്ടുമുണ്ടെന്നുമാണ് രോഹിത് പറഞ്ഞത്. അതിനാല്‍ കോഹ്‌ലി ടീമിന് ഒരു ഓപ്ഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കമാവും. മൊഹാലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Content Highlight: Australia captain Aaron Finch about Virat Kohli

We use cookies to give you the best possible experience. Learn more