| Wednesday, 13th December 2023, 10:51 am

ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ അനിവാര്യം; സംയുക്ത പ്രസ്താവനയുമായി ഓസ്‌ട്രേലിയ കാനഡ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്ന അന്താരാഷ്ട്ര ആവശ്യത്തെ പിന്തുണച്ച് കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പ്രധാനമന്ത്രിമാര്‍. സംയുക്ത പ്രസ്താവനയിലാണ് ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രിമാര്‍ പറഞ്ഞത്.

ഗസയില്‍ സാധാരണക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഇടം കുറഞ്ഞു വരുന്നു എന്നതില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും ഹമാസിനെ പരാജയപ്പെടുത്തേണ്ടതിന് ഫലസീതിനികള്‍ വിലനല്‍കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ ഏകപക്ഷീയമാകില്ലെന്നും ഗസയില്‍ തടവിലാക്കിയ എല്ലാ തടവുകാരെയും ഹമാസ് മോചിപ്പിക്കണമെന്നും ഫലസ്തീന്‍ സിവിലിയന്മാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കുരുതിയിലും ഇസ്രഈലിന്റെ നിലപാടുകളിലും ലോകരാജ്യങ്ങളുടെ പിന്തുണ കുറഞ്ഞുവരികയാണെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തലിന് വേണ്ടിയുള്ള അടിയന്തര അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണച്ച് കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിമാര്‍ രംഗത്തെത്തിയത്.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വിവേചനരഹിതമായ ബോംബാക്രമണമാണെന്നും ഇസ്രഈലിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു നിലപാട് മയപ്പെടുത്തേണ്ടി വരുമെന്നുമായിരുന്നു ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.

ഇസ്രഈല്‍-ഗസ സംഘര്‍ഷത്തില്‍ കാനഡയുടെ നിലപാടിനെ കുറിച്ചും ദ്വിരാഷ്ട്ര പരിഹാരം കൊണ്ടുവരാന്‍ ഇസ്രഈല്‍ പ്രതിബദ്ധരാണെന്നുമുള്ള കാര്യം ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയതായും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നായിരുന്നു നേരത്തെ ട്രൂഡോ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന കനത്ത ബോംബാക്രമണത്തെ കുറിച്ചും ഫലീസീതിനില്‍ നാള്‍ക്കുനാള്‍ മരണസംഖ്യ വര്‍ധിക്കുന്ന പശ്ചാത്തലത്തിലും ട്രൂഡോ ഇസ്രഈലിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം നടന്ന ഫലസ്തീന്‍ എന്‍ക്ലേവില്‍ ‘സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത്’ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഗസയില്‍ മാനുഷിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യു.എന്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗും വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് മാസമായി തുടരുന്ന ഇസ്രഈല്‍-ഗസ യുദ്ധത്തില്‍ മരണസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയും പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ 193 അംഗ യു.എന്‍ ജനറല്‍ അസംബ്ലി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു, ഓസ്ട്രേലിയ ഉള്‍പ്പെടെ 153 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

വെടിനിര്‍ത്തല്‍ ഹമാസിന് ഗുണം ചെയ്യുമെന്നായിരുന്നു യു.എസിന്റെ നിലപാട് യു.എസും ഇസ്രഈലുമടക്കം പത്തു രാജ്യങ്ങളായിരുന്നു എതിര്‍ത്ത് വോട്ട് ചെയ്ത്ത്.

അതേസമയം ഓസ്ട്രേലിയയും കാനഡയും ഒക്ടോബറില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യു.എന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ന്യൂസിലന്‍ഡ് അനുകൂലമായി വോട്ട് ചെയ്തിരുന്നു.

Content Highlight: Australia, Canada, New Zealand back ‘sustainable ceasefire’ in Gaza

Latest Stories

We use cookies to give you the best possible experience. Learn more