മെല്‍ബണ്‍: റിക്കി പോണ്ടിങിനെയും ടീമിനെയും പരിശീലിപ്പിക്കാന്‍ സച്ചിനെത്തുന്നു. ആസ്‌ട്രേലിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ദുരിതബാധിതര്‍ക്കാവശ്യമായ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിലാണ് പരിശീലകന്റെ റോളില്‍ സച്ചിനെത്തുന്നത്.
ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ചേര്‍ന്നാണ് പ്രത്യേക ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. റിക്കി പോണ്ടിങിന്റെയും ഷെയ്ന്‍ വോണിന്റെയും ടീമുകളാണ് പരസ്പരം മത്സരത്തിനിറങ്ങുന്നത്. ഇതില്‍ റിക്കി പോണ്ടിങിന്റെ ടീമിന്റെ പരിശീലകനായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനെത്തുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ടീമിനായി എത്തുന്നത് എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായ കോട്‌നി വാല്‍ഷ് ആണ്.
‘ബിഗ് അപ്പീല്‍’ എന്ന പേരില്‍ നടത്തപ്പെടുന്ന ചാരിറ്റി ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമായി സച്ചിനെയും കോട്‌നി വാല്‍ഷിനെയും വീണ്ടും ആസ്‌ട്രേലിയയിലേക്ക് ക്ഷണിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെവിന്‍ റോബര്‍ട്ട്‌സ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
റിക്കി പോണ്ടിങിനും ഷെയ്ന്‍ വോണിനും ഒപ്പം ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, മൈക്കല്‍ ക്ലാര്‍ക്ക്, ഷെയ്ന്‍ വാടസണ്‍ എന്നിവര്‍ മത്സരത്തിലുണ്ടാകും. മത്സരത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ആസ്‌ട്രേലിയന്‍ റെഡ് ക്രോസ് ഡിസാസ്റ്റര്‍ റിലീഫ് ആന്റ് റികവറി ഫണ്ടിലേക്കാണ് നല്‍കുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആസ്‌ട്രേലിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ വന്‍നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. 29 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കൂടാതെ 2000ലധികം വീടുകള്‍ തകരുകയും ചെയ്തിരുന്നു കൂടാതെ പതിനായിരക്കണക്കിന് മൃഗങ്ങള്‍ കൊല്ലപ്പെടുകയും ആവാസവ്യവസ്ഥകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.