ഐ.സി.സി ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് മത്സരം ധര്‍മശാലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തില്‍ ചരിത്രപരമായ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. ഏകദിനത്തില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ 350+ റണ്‍സ് നേടുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ മാറി.
കഴിഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 399 റണ്‍സും ഓസ്‌ട്രേലിയ നേടിയിരുന്നു. ഇപ്പോള്‍ ഈ മത്സരത്തില്‍ 388 റണ്‍സാണ് ന്യൂസിലാന്‍ഡിനെതിരെ കങ്കാരുപ്പട കെട്ടിപ്പടുത്തുയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ ചരിത്രത്തിലേക്ക് നടന്നുകയറിയത്.
മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ ഡേവിഡ് വാര്‍ണറും ട്രെവിസ് ഹെഡും ചേര്‍ന്ന് 175 റണ്‍സിന്റെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറികൂട്ടുകെട്ടാണിത്.
വാര്‍ണര്‍ 81 റണ്‍സും ഹെഡ് 109 റണ്‍സുമാണ് നേടിയത്. അവസാനം മാസ്വെല്‍ 24 പന്തില്‍ 41 റണ്‍സും നായകന്‍ പാറ്റ് കമ്മിന്‍സ് 14 പന്തില്‍ 37 റണ്‍സും നേടി വെടികെട്ട് നടത്തിയപ്പോള്‍ ടീം ടോട്ടല്‍ വീണ്ടും 350 കടക്കുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഓസ്‌ട്രേലിയന്‍ ടീം പിന്നീട് തുടര്‍ച്ചയായ നാല് മത്സരവും വിജയിച്ചുകൊണ്ട് ശക്തമായി തിരിച്ചു വരികയായിരുന്നു.
Content Highlight: Australia becomes the first team to score 350+ in consecutive games in ODI history.