ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവസാന പന്തുവരെ ആവേശം നിലനിന്ന മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയം നേടി കങ്കാരുപ്പട. ന്യൂസിലാന്‍ഡിനെതിരെ 216 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ അവസാന ഓവറിലെ അവസാന പന്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. നാല് വിക്കറ്റുകള്‍ക്കാണ് കങ്കാരുപ്പട ജയിച്ചത്. ടീമിനായി മിച്ചല്‍ മാര്‍ഷ് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. അവസാന രണ്ടോവറില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ ടിം ഡേവിഡ് കങ്കാരുക്കളുടെ വിജയം അനായാസമാക്കി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഡെവോണ്‍ കോണ്‍വേയുടെയും രചിന്‍ രവീന്ദ്രയുടെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് 215 റണ്‍സ് എന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. കോണ്‍വേ 46 പന്തില്‍ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടക്കം 63 റണ്‍സ് നേടിയപ്പോള്‍, 35 പന്തില്‍ ആറ് സിക്‌സറുകളും രണ്ട് ബൗണ്ടറിയുമടക്കം 65 റണ്‍സാണ് രചിന്‍ നേടിയത്. എന്നാല്‍ ഇരുവരുടെയും അര്‍ധ സെഞ്ച്വറി പാഴാവുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ന് ഓസ്‌ട്രേലിയ മുന്നിലാണ്.
മത്സരം ജയിച്ചെങ്കിലും നാണക്കേടിന്റെ ഒരു റെക്കോഡ് ഓസ്‌ട്രേലിയയുടെ പേരിലായിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ 200+ റണ്‍സ് വഴങ്ങുന്ന ആദ്യ ടീം എന്ന റെക്കോഡാണ് ഓസ്‌ട്രേലിയുടെ പേരിലായിരിക്കുന്നത്. ഇതില്‍ മൂന്ന് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ വിജയിക്കുകയായിരുന്നു.
ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലെ മൂന്ന് മത്സരത്തിലും 200ന് മുകളില്‍ റണ്‍സ് ഓസ്‌ട്രേലിയ വഴങ്ങിയിരുന്നു. 200ലധികം റണ്‍സ് വഴങ്ങിയെങ്കിലും പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ആദ്യ മത്സരം 11 റണ്‍സിനും, രണ്ടാമത്തെ മത്സരം 34 റണ്‍സിനും ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ മൂന്നാം മത്സരം വെസ്റ്റ് ഇന്‍ഡീസ് 37 റണ്‍സിന് വിജയിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ന്യൂസിലാന്‍ഡുമായുള്ള മത്സരത്തിലും 200ലധികം റണ്‍സ് വഴങ്ങിയതോടെയാണ് ഓസ്‌ട്രേലിയക്ക് ഈ റെക്കോഡ് ലഭിച്ചത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം ഫെബ്രുവരി 25ന് ഈഡന്‍ പാര്‍ക്കില്‍ നടക്കും.
Content Highlight: Australia became the first team ever to concede four straight 200-plus totals in T20I cricket