വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. എസ്.സി.ജി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 83 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് ആയിരുന്നു കങ്കാരുപ്പട നേടിയത്. മറുപടി ബാറ്റിങ്ങില്‍ 43.3 ഓവറില്‍ 175 റണ്‍സിന് വിന്‍ഡീസ് തകരുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് വേണ്ടി സീന്‍ എബൗട്ട് 63 പന്തില്‍ നിന്നും നാല് സിക്‌സറുകളും ഒരു ബൗണ്ടറിയും അടക്കം 69 റണ്‍സ് ആണ് നേടിയത്. മുന്‍നിര തകര്‍ന്നതോടെ ഓള്‍റൗണ്ടര്‍ മികച്ച സ്‌കോറിലേക്ക് ടീമിനെ എത്തിക്കുകയായിരുന്നു. മാറ്റ് ഷോട്ട് 55 പന്തില്‍ നിന്നും 41 റണ്‍സ് നേടിയപ്പോള്‍ കാമറോണ്‍ ഗ്രീന്‍ 41 പന്തില്‍ നിന്ന് ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 33 റണ്‍സ് ആണ് നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് തുടക്കം മുതലേ വെല്ലുവിളികള്‍ നേരിടുകയിരുന്നു. ക്യാപ്റ്റന്‍ ഷായി ഹോപ് 29 റണ്‍സും കീസി കാര്‍ട്ടി 40 റണ്‍സും റോസ്ടണ്‍ ചേസ് 25 റണ്‍സുമാണ് നേടിയത്. ടീമിനുവേണ്ടി ഇവര്‍ക്ക് മാത്രമാണോ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താന്‍ ആയത്.
വിന്‍ഡീസിനെ വലിഞ്ഞു മുറുക്കിയത് ഓസ്‌ട്രേലിയന്‍ ബൗളിങ് നിര തന്നെയാണ്. ജോഷ് ഹെസല്‍ വുഡ് സീന്‍ എബൗട്ട് തുടങ്ങിയവര്‍ മൂന്നു വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. വില്‍ സതര്‍ലാന്‍ഡിന് രണ്ട് വിക്കറ്റുകളും ലഭിച്ചിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനായി അല്‍ സാരി ജോസഫ് റൊമാരിയോ ഷഫേര്‍ഡ് തുടങ്ങിയവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ഗുഡകേഷ് മോട്ടി മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. പരമ്പരയിലെ റെഡ് റബ്ബര്‍ മത്സരം ഫെബ്രുവരി ആറിന് മനുക ഓവല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
Content Highlight: Australia Beat West Indies