അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ വിജയം. മഴ വില്ലനായി വന്ന മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ഓസീസ് പരാജയപ്പെടുത്തിയത്.
ഡയമണ്ട് ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടിയത്. ഓസീസ് ബാറ്റിങ് നിരയില്‍ ഹഗ് വെയ്ബ്‌ജെന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 126 പന്തില്‍ 12 റണ്‍സ് നേടിക്കൊണ്ടായിരുന്നു വെയ്ബ്‌ജെന്റെ തകര്‍പ്പന്‍ പ്രകടനം. 15 ഫോറുകള്‍ പായിച്ചുകൊണ്ടാണ് താരം സെഞ്ച്വറി നേടിയത്. വെഗിനു പുറമെ ഹാരി ഡിക്‌സണ്‍ 63 പന്തില്‍ 53 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങില്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ വിജയലക്ഷ്യം 24 ഓവറില്‍ 215 റണ്‍സ് ആക്കി ചുരുക്കുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 16.5 ഓവറില്‍ 104 റണ്‍സിന് പുറത്താവുകയായിരുന്നു.
ഓസീസ് ബൗളിങ്ങില്‍ കല്ലം വിഡ്‌ലര്‍ നാല് വിക്കറ്റും റാഫേല്‍ മക്മില്ലന്‍ മൂന്ന് വിക്കറ്റും ടോം സ്‌ട്രോക്കര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓസ്‌ട്രേലിയ 100 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ഫെബ്രുവരി രണ്ടിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. അതേസമയം ഫെബ്രുവരി മൂന്നിന് സിംബാബ്വെക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.
Content Highlight: Australia beat England in under 19 world cup.