കാന്‍ബറ: കൊവിഡ് മൂലം രാജ്യത്ത് സംഭവിക്കുമായിരുന്ന 30000 മരണങ്ങള്‍ ഇല്ലാതാക്കിയത് സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഓസ്ട്രേലിയക്കാരുടെ ജീവന്‍ അപകടത്തിലാക്കില്ലെന്നും അദ്ദേഹം പ്രതിജ്ഞ ചെയ്തു.
” ഞാന്‍ ഓസ്‌ട്രേലിയന്‍ ജനതയുടെ ജീവന്‍വെച്ച് കളിക്കില്ല. ഞാന്‍ ഒരിക്കലും അത് ചെയ്യില്ല. 30000 ഓളം പേരുടെ ജീവന്‍ നഷ്ടപ്പെടുന്നത് തടയാന്‍ സാധിച്ചിട്ടുണ്ട്,” മോറിസണ്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷത്തെക്കാളും ഗുരുതരമായാണ് കൊവിഡ് ഇത്തവണ രാജ്യത്തെ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയയുടെ അതിര്‍ത്തികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിരുന്നു. ചില കര്‍ശനമായ നിയന്ത്രണങ്ങളോടെ രാജ്യത്തെ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുള്ളൂ.
തിരിച്ച് വരുന്ന പൗരന്മാര്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് ഓസ്ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 66,000 ഡോളറോ പിഴയോ ലഭിക്കുന്നതാണ്.