| Monday, 14th October 2024, 10:37 am

ഇന്ത്യയെ വിറപ്പിച്ച മീശയില്ല; പാകിസ്ഥാന്റെ പെട്ടിയിലെ അവസാന ആണി, തോറ്റുകിടക്കുന്നവരെ വീണ്ടും തോല്‍പിക്കാന്‍ കങ്കാരുക്കള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ആതിഥേയര്‍. പാറ്റ് കമ്മിന്‍സിനെ നായകനാക്കി 14 അംഗ സ്‌ക്വാഡാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിക്കുക. ശേഷം മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയും പാക് പട ഓസ്‌ട്രേലിയില്‍ കളിക്കും.

സൂപ്പര്‍ താരങ്ങളായ ട്രാവിസ് ഹെഡോ മിച്ചല്‍ മാര്‍ഷോ സ്‌ക്വാഡിന്റെ ഭാഗമല്ല എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരും പരമ്പരയിലില്ലാത്തത്. ഹെഡിന്റെ അഭാവത്തില്‍ മാറ്റ് ഷോര്‍ട്ടും ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കുമാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങി വമ്പന്‍ പേരുകാര്‍ കമ്മിന്‍സിന്റെ പടയിലുണ്ട്.

പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, കൂപ്പര്‍ കനോലി, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡി, മാര്‍നസ് ലബുഷാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍കസ് സ്‌റ്റോയ്‌നിസ്, ആദം സാംപ.

മികച്ച പടയുമായി ഓസ്‌ട്രേലിയ പാകിസ്ഥാനെ സ്വാഗതം ചെയ്യാനൊരുങ്ങുമ്പോള്‍ അത്ര കണ്ട് ആവേശമൊന്നും പാകിസ്ഥാനുണ്ടാകില്ല. സമീപ കാലത്ത് കളിച്ച മത്സരങ്ങളെല്ലാം തോറ്റാണ് പാകിസ്ഥാന്‍ തങ്ങളുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നൊരുക്കം നടത്തുന്നത്.

നിലവില്‍ സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ തിരക്കിലാണ് പാകിസ്ഥാന്‍. മുള്‍ട്ടാനില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 556 റണ്‍സ് നേടിയ ശേഷമാണ് പാകിസ്ഥാന് ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടി വന്നത്.

ടെസ്റ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ആദ്യ ഇന്നിങ്‌സില്‍ 500+ സ്‌കോര്‍ നേടിയിട്ടും ഇന്നിങ്‌സ് പരാജയം നേരിട്ടത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ബംഗ്ലാദേശും പാകിസ്ഥാനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്താണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ഒരു ടെസ്റ്റോ പരമ്പരയോ വിജയിക്കുന്നത്.

ഈ ചീത്തപ്പേരെല്ലാം തന്നെ ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍.

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനം

ഏകദിന പരമ്പര

ആദ്യ മത്സരം: നവംബര്‍ 4, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

രണ്ടാം മത്സരം: നവംബര്‍ 8, അഡ്‌ലെയ്ഡ് ഓവല്‍

അവസാന മത്സരം: നവംബര്‍ 10, പെര്‍ത് സ്റ്റേഡിയം

ടി-20 പരമ്പര

ആദ്യ മത്സരം: നവംബര്‍ 14, ദി ഗാബ

രണ്ടാം മത്സരം: നവംബര്‍ 16, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്

അവസാന മത്സരം: നവംബര്‍ 18, ബെല്ലെറൈവ് ഓവല്‍, ഹൊബാര്‍ട്ട്

Content Highlight: Australia announces squad for ODI series against Pakistan

We use cookies to give you the best possible experience. Learn more