| Wednesday, 1st December 2021, 5:58 pm

വലിയ ടെക് കമ്പനികള്‍ക്ക് വലിയ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരും; ഫേസ്ബുക്കിനും ഗൂഗിളിനുമെതിരെ പാര്‍ലമെന്ററിതല അന്വേഷണം പ്രഖ്യാപിച്ച് സ്‌കോട്ട് മോറിസണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍ബറ: ടെക് ഭീമന്മാര്‍ക്കെതിരെ പാര്‍ലമെന്ററി തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തന്നെയാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. ഇതിനായി കമ്മിറ്റിയെ നിയോഗിച്ചു.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് എന്നിവയടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങളായിരിക്കും അന്വേഷണ വിധേയമാക്കുക. ഇത് സംബന്ധിച്ച പുതിയ നിയമനിര്‍മാണം നടത്തേണ്ടതുണ്ടോ, പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നും അന്വേഷണത്തിലൂടെ പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌പോമുകള്‍ ഉപയോഗിക്കുന്ന അല്‍ഗോരിതം അന്വേഷിക്കുക, ഉപയോക്താക്കളുടെ തിരിച്ചറിയല്‍, പ്രായം എന്നിവ കമ്പനികള്‍ എങ്ങനെയാണ് സ്ഥിരീകരിക്കുന്നത് ഈ മേഖലകളില്‍ എങ്ങനെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് എന്നീ കാര്യങ്ങളായിരിക്കും അന്വേഷണ വിധേയമാക്കുക.

”വലിയ ടെക് കമ്പനികള്‍ക്ക് വലിയ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരും. അവരാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിച്ചത്. അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും കമ്പനികള്‍ക്കാണ്,” പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

2022 ഫെബ്രുവരി 15നകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് കമ്മിറ്റിയ്ക്ക് നല്‍കിയ നിര്‍ദേശം.

മുന്‍പും ടെക്‌നോളജി കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ട നിയമനിര്‍മാണങ്ങള്‍ നടത്തുന്നതില്‍ ഓസ്‌ട്രേലിയ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിട്ട് നിന്നിട്ടുണ്ട്.

പ്രാദേശിക മാധ്യമങ്ങളില്‍ നിന്നും കണ്ടന്റുകള്‍ സ്വീകരിക്കുന്നതിന് ടെക് കമ്പനികള്‍ പണം നല്‍കണമെന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയ നിയമം പാസാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Australia announced inquiry into tech giants

We use cookies to give you the best possible experience. Learn more