സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നു; അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-ട്വന്റി പരമ്പരയും ഉപേക്ഷിച്ച് ഓസ്‌ട്രേലിയ
Sports News
സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നു; അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-ട്വന്റി പരമ്പരയും ഉപേക്ഷിച്ച് ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th March 2024, 1:53 pm

അഫ്ഗാനിസ്ഥാനുമായുള്ള ടി-ട്വന്റി പരമ്പര ഉപേക്ഷിച്ച് ഓസ്‌ട്രേലിയ. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന പരമ്പര ഉപേക്ഷിച്ച വിവരം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡാണ് പുറത്ത്‌വിട്ടത് താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ കായിക മേഖലയടക്കമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് പരമ്പര റദ്ദാക്കിയത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ഭരണകൂടത്തിനെതിരെ കളിക്കുന്നതില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറുകയായിരുന്നു.

ക്രിക്കറ്റിലേക്ക് വനിതകള്‍ വരുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പകരം തടയുന്ന കാഴ്ചയാണ് അഫ്ഗാനിസ്ഥാനില്‍. ഇത്തരത്തിലുള്ള അവസ്ഥയില്‍ വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്.

ഇത് മൂന്നാം തവണയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറുന്നത്. മൂന്നുവര്‍ഷമായി ഈ കാരണത്താല്‍ ഓസ്‌ട്രേലിയ പരമ്പരയില്‍ നിന്ന് മാറിനിന്ന് പ്രതിഷേധം അറിയിക്കുകയായിരുന്നു.

2021 നവംബറില്‍ അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നുമാണ് ആദ്യം ഓസ്‌ട്രേലിയ പിന്മാറിയത്. പിന്നീട് കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിനത്തില്‍ നിന്നും പിന്‍മാറിയിരുന്നു. അഫ്ഗാനിസ്ഥാന്‍ പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു പരമ്പര തീരുമാനിച്ചത്. യു.എ.ഇ യില്‍ നടത്താനിരുന്ന പരമ്പരയില്‍ നിന്നാണ് ഓസ്‌ട്രേലിയ മാറിയത്.

എന്നാല്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ക്കും പര്യടനങ്ങള്‍ക്കും അനുമതി നല്‍കിയ താലിബാന്‍, വനിതാ ക്രിക്കറ്റ് ടീമിനെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല.

കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനില്‍ വനിതാ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്. അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചടക്കിയതോടെ വനിതാ ക്രിക്കറ്റ് ടീമിനെ പിരിച്ച് വിടുകയായിരുന്നു. ടീമിലെ പല അംഗങ്ങളും കാനഡയടക്കമുള്ള രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്.

 

 

Content highlight: Australia also abandoned the T-20 series against Afghanistan