വിദര്‍ഭയിലെ പിച്ചിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ആദ്യ ടെസ്റ്റിന് മുമ്പേ ആരംഭിച്ചിരുന്നു. ഓസ്‌ട്രേലിയയെ തോല്‍പിക്കാനായി ഇന്ത്യ മനപ്പൂര്‍വം മോശം പിച്ചൊരുക്കുകയാണെന്നും തങ്ങളുടെ ഇടം കയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ വേണ്ടി മാത്രം പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ടെന്നും ഓസീസ് മുന്‍ താരങ്ങളും മാധ്യമങ്ങളും വിമര്‍ശനമുന്നയിച്ചിരുന്നു.
മുന്‍ താരം ഗില്ലെസ്പിയാകട്ടെ വിഷയത്തില്‍ ഐ.സി.സി നേരിട്ട് ഇടപെടണമെന്ന് വരെ വാദിച്ചിരുന്നു. ഓസ്‌ട്രേലിയയെ തോല്‍പിക്കാന്‍ മോശം പിച്ചൊരുക്കുക മാത്രമാണ് ഇന്ത്യക്ക് സാധിക്കുകയെന്നായിരുന്നു റിക്കി പോണ്ടിങ്ങിന്റെ കമന്റ്.
എന്നാല്‍ ഇവര്‍ക്കുള്ള മറുപടി മുന്‍ ഇന്ത്യന്‍ താരങ്ങളും ഗ്രൗണ്ടിന് പുറത്തുവെച്ചും ഇന്ത്യന്‍ ടീം ഗ്രൗണ്ടിലും വെച്ച് നല്‍കിയിരുന്നു.
ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ആദ്യ ടെസ്റ്റില്‍ ഓസീസിന്റെ പരാജയം.
എന്നാല്‍ തങ്ങള്‍ പരാജയപ്പെടാനുള്ള പുതിയ കാരണം ചൂണ്ടിക്കാണിച്ചെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. പഴയ പിച്ചില്‍ പ്രാക്ടീസ് ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫ് പിച്ചിന്റെ ആ സ്വഭാവം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിനെ ഉദ്ധരിച്ച് ക്രിക് ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ശനിയാഴ്ച ഞങ്ങള്‍ സ്റ്റേഡിയം വിട്ടതിന് പിന്നാലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ ഒരു സ്റ്റാഫ് പിച്ച് നനച്ചിരുന്നു. ഞങ്ങള്‍ക്ക് പരിശീലിക്കേണ്ടതിനാല്‍ പിച്ച് കേടുകൂടാതെ സൂക്ഷിക്കണമെന്ന് ഞങ്ങളവരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല,’ ഓസ്‌ട്രേലിയന്‍ സ്റ്റാഫ് മെമ്പര്‍ പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസീസ് കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
മുന്‍ ഓസീസ് താരം ഇയാന്‍ ഹെയ്‌ലിയും പിച്ച് നനച്ചതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ഐ.സി.സി ഇടപെടണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എതിരാളികള്‍ ഉയര്‍ത്തിയ ആദ്യ ഇന്നിങ്സ് സ്‌കോര്‍ മറികടക്കുകയും 400 റണ്‍സ് പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു
രണ്ടാം ഇന്നിങ്സില്‍ 223 റണ്‍സ് കുറവുമായി ഇറങ്ങിയ ഓസീസ 91 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേട്ടവുമായി അശ്വിന്‍ കളം നിറഞ്ഞാടിയപ്പോള്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച താരത്തെ അക്സറും മടക്കിയപ്പോള്‍ ഇന്നിങ്സിനും 132 റണ്‍സിനും ഇന്ത്യ വിജയം ആഘോഷിച്ചു.