മെല്‍ബണ്‍: സ്വന്തം പൗരന്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി വിദേശ പൗരന്‍മാര്‍ക്കുള്ള തൊഴില്‍ വിസ നിര്‍ത്തലാക്കാനൊരുങ്ങി ഓസ്‌ട്രേലിയ. സ്വദേശിവല്‍ക്കരണത്തിനായുള്ള ഓസ്‌ട്രേലിയയുടെ നീക്കം പ്രധാനമായും ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. പഴയ തൊഴില്‍ വിസയ്ക്ക് പകരമായി പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അറിയിച്ചു.
മെച്ചപ്പെട്ട ഇംഗ്ലീഷ് ഭാഷാ പരിജ്ഞനവും തൊഴില്‍ വൈദഗ്ധ്യവുംആവശ്യപ്പെടുന്നതായിരിക്കും പുതിയ പദ്ധതി. അതേസമയം ദേശീയവാദ നയങ്ങള്‍ കൂടുതലായി വേണമെന്ന തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തോടുള്ള പ്രതികരണമാണ് പുതിയ തീരുമാനമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം മാല്‍ക്കം ടേണ്‍ബുള്‍ തള്ളിക്കളഞ്ഞു.
“ഓസ്‌ട്രേലിയന്‍ മൂല്യങ്ങളും ഓസ്‌ട്രേലിയന്‍ മൂല്യങ്ങളും” എന്ന ലളിതമായ ഉദ്ദേശമാണ് വിസാ പരിഷ്‌കരണത്തിന് പിന്നിലെന്ന് ടേണ്‍ബുള്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന വിദേശ പൗരന്‍മാരേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“457 വിസ” എന്ന പേരിലുള്ള വിസയാണ് ഓസ്‌ട്രേലിയ നിര്‍ത്തലാക്കാനൊരുങ്ങുന്നത്. ഈ വിസയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 457 വിസ പ്രകാരം ഓസ്‌ട്രേലിയയിലെത്തുന്ന വിദേശ പൗരന് സ്വന്തം കുടുംബത്തേയും കൂടെ കൊണ്ടുവരാന്‍ കഴിയുമായിരുന്നു. ഈ സൗകര്യം ഇന്ത്യക്കാരാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്.
മാല്‍ക്കം ടേണ്‍ബുളിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ട് പിന്നാലെയാണ് പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്. 457 വിസ നിര്‍ത്തലാക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന്റെ ഭവിഷ്യത്തുകള്‍ പരിശോധിച്ച് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
457 വിസ നിര്‍ത്തലാക്കാനൊരുങ്ങുന്ന വിവരം അറിയിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ: