മെസിയും നെയ്മറും റൊണാള്‍ഡോയുമല്ല, അക്കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ചവന്‍ ഞാന്‍ തന്നെ: മുന്‍ നൈജീരിയന്‍ സൂപ്പര്‍ താരം
Sports News
മെസിയും നെയ്മറും റൊണാള്‍ഡോയുമല്ല, അക്കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ചവന്‍ ഞാന്‍ തന്നെ: മുന്‍ നൈജീരിയന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st October 2024, 12:56 pm

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലര്‍ താരം ആരെന്ന ചോദ്യത്തിന് മെസി, റൊണാള്‍ഡോ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയെല്ലാം തഴഞ്ഞ് മുന്‍ നൈജീരിയന്‍ സൂപ്പര്‍ താരം ഓസ്റ്റിന്‍ ‘ജേ ജേ’ ഒക്കോച്ച. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലറായി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു ഒകോച്ച.

യൂറോപ്പില്‍ പി.എസ്.ജി, ഫ്രാങ്ക്ഫര്‍ട്ട്, ഹള്‍ സിറ്റി, ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ് തുടങ്ങി വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം തന്റെ ഡ്രിബ്ലിങ് സ്‌കില്ലുകളിലൂടെ ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

2012ല്‍ താരം ഫുട്‌ബോളിനോട് വിടപറഞ്ഞിരുന്നു. ഒകോച്ചക്ക് പകരം വെക്കാന്‍ പോന്ന ഒരു താരത്തെ ഇനിയും നൈജീരിയക്ക് വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

ഒരു അഭിമുഖത്തില്‍ ഒകോച്ച നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ ഡ്രിബ്ലിങ് സ്‌കില്ലുകളുമായി കിടപിടിക്കാന്‍ പോന്ന താരങ്ങള്‍ ആരൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഈ ജനറേഷനില്‍ അങ്ങനെ ഒരാള്‍ ഇല്ല എന്ന അഭിപ്രായമായിരുന്നു താരത്തിനുണ്ടായിരുന്നത് എന്നാണ് ഡെയ്‌ലി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെസി, റൊണാള്‍ഡോ, നെയ്മര്‍ മുതല്‍ ജമാല്‍ മുസിയാല, വിനീഷ്യസ് ജൂനിയര്‍, കിലിയന്‍ എംബാപ്പെ വരെയുള്ള താരങ്ങളെ എല്ലാം തഴയുന്നതായിരുന്നു താരത്തിന്റെ മറുപടി.

‘ഞാനാണ് ഏറ്റവും മികച്ച ഡ്രിബ്ലര്‍, അതാണ് എന്റെ ഏറ്റവും വലിയ കരുത്ത്,’ താരം പറഞ്ഞു.

ദേശീയ ടീമിനും ക്ലബ്ബുകള്‍ക്കുമായി മികച്ച പ്രകടനം കാഴ്ചവെച്ചാണ് താരം കരിയറിനോട് വിടപറഞ്ഞത്. 1994ല്‍ നൈജീരിയയെ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഒകോച്ച.

ബൊറൂസിയ ന്യൂകിര്‍ചെനൊപ്പം സാര്‍ലന്‍ഡ് കപ്പ് നേടിയ താരം പി.എസ്.ജിക്കൊപ്പം ഫ്രഞ്ച് സൂപ്പര്‍ കപ്പും സ്വന്തമാക്കി. 2004ലെ ആഫ്‌കോണ്‍ കപ്പിലെ ടോപ് സ്‌കോററും ഒകോച്ചയായിരുന്നു.

 

1996ലെ ഒളിമ്പിക്‌സിലാണ് ഒകോച്ചയുടെ കരിയറിലെ മറ്റൊരു സുപ്രധാന നേട്ടം പിറക്കുന്നത്. യു.എസ്.എ ആതിഥേയരായ ഒളിമ്പിക്‌സില്‍ നൈജീരിയ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയപ്പോള്‍ ഒകോച്ച ടീമിലെ പ്രധാനിയായിരുന്നു. കരുത്തരായ അര്‍ജന്റീനയെ ആണ് ഫൈനലില്‍ നൈജീരിയ തകര്‍ത്തുവിട്ടത്. ബ്രസീലാണ് മൂന്നാം സ്ഥാനത്തെത്തിയത്.

 

 

Content highlight: Austin ‘Jay Jay’ Okocha says he is the best dribbler in football