മെല്‍ബണ്‍: ബോക്‌സിംങ് ഡെ ടെസ്റ്റ് മാച്ചില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ഓസ്‌ട്രേലിയക്കാണെന്ന് മാത്യു ഹെയ്ഡന്‍. വിദേശ പിച്ചുകളില്‍ കളിക്കുവാനുള്ള ആത്മ വിശ്വാസം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇല്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ദിനപത്രമായ ദ ഡെയ്‌ലി ടെലഗ്രാഫിലൂടെയാണ് ഹെയ്ഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് ഹെയ്ഡന്‍ വിലയിരുത്തുന്നു. മത്സരത്തില്‍ ബാറ്റ് ചെയ്യാനെത്തിയ മിച്ചല്‍ ജോണ്‍സണെ ഇന്ത്യന്‍ താരങ്ങള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 93 പന്തില്‍ നിന്ന് 88 റണ്‍സെടുത്ത് കൊണ്ട് ജോണ്‍സണ്‍ ഇതിന് ശക്തമായ മറുപടി നല്‍കിയിരുന്നു. ഇത് കൂടാതെ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്തിരുന്നു. മത്സരത്തിനിടെ ശിഖാര്‍ ധവാന്‍ ബാറ്റ് ചെയ്യാന്‍ വിസമ്മതിച്ചത് ഭീരുത്വപരമായ നടപടിയാണെന്നും ഹെയ്ഡന്‍ പറയുന്നുണ്ട്.
പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 26 നാണ് തുടങ്ങുന്നത്. നാല് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ സമനില പിടിക്കണമെങ്കില്‍ ഇന്ത്യക്ക് അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചേ മതിയാവൂ.