Daily News
ആഷസിന് ശേഷം വിരമിക്കും: ക്രിസ് റോജേര്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 May 18, 06:19 am
Monday, 18th May 2015, 11:49 am

chris-roger
സിഡ്‌നി: വരുന്ന ആഷസ് പരമ്പരക്ക് ശേഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ഓസീസ് ബാറ്റ്‌സ്മാന്‍ ക്രിസ് റോജേര്‍സ്. തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് വിരമിക്കുമെന്ന കാര്യം റോജേര്‍സ് അറിയിച്ചത്. 2008 ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച റോജേര്‍സ് തന്റെ രണ്ടാം ടെസ്റ്റ് കളിച്ചത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ല്‍ ആയിരുന്നു.

2013ലെ ആഷസ് പരമ്പരയിലേക്ക് തിരികെ വിളിക്കുമ്പോള്‍ ക്രിസിന് 35 വയസായിരുന്നു പ്രായം എന്നിരുന്നാല്‍ കൂടെയും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മികച്ച പ്രകടനമായിരുന്നു ക്രിസ് കാഴ്ച വെച്ചിരുന്നത്.

ഓസീസിന്റെ ഓപണറായിരുന്ന ജസ്റ്റിന്‍ ലാംഗറെ പോലെ എന്നായിരുന്നു ക്രിസ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 20 ടെസ്റ്റുകളില്‍ നിന്നായി 40 റണ്‍സ് ശരാശരിയില്‍ 1535 റണ്‍സാണ് ക്രിസിന്റെ സമ്പാദ്യം.

അന്താരാഷ്ട്ര മത്സരങ്ങളില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെങ്കിലും അഭ്യന്തര ടീമുകളായ വെസ്റ്റേണ്‍ ആസ്‌ത്രേലിയ, വിക്ടോറിയ, എന്നീ ടീമുകള്‍ക്ക് വേണ്ടിയും ഇംഗ്ലീഷ് കൗണ്ടി ക്ലബ്ലുകളായ ഡെര്‍ബിഷെയര്‍, മിഡില്‍സെക്‌സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് ക്രിസ് കാഴ്ച വെച്ചിരുന്നത്.