അഡലൈഡ് ടെസ്റ്റ്: ഇന്ത്യ തോറ്റു
Daily News
അഡലൈഡ് ടെസ്റ്റ്: ഇന്ത്യ തോറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2014, 5:31 pm

aussies
അഡലൈഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ടെസ്റ്റില്‍ അവസാന സമയത്തേക്ക് വിക്കറ്റുകള്‍ കൊഴിഞ്ഞു വീണതോടെയാണ് വിജയം ഇന്ത്യയെ കൈ വിട്ടത്. അവസാന ദിവസം 364 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 315 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റെടുത്ത നഥാന്‍ ലിയോണാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മാരുടെ അന്തകനായത്. തുടക്കത്തില്‍ തന്നെ ശിഖാര്‍ ധവാന്‍(9), പൂജാര(21), എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ തുടര്‍ന്നെത്തിയ വിരാട് കോഹ്‌ലി(141), മുരളീ വിജയ്(99) സഖ്യം മികച്ച കൂട്ട് കെട്ട് പടുത്തെങ്കിലും വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കെ വിജയ് പുറത്തായതോടെ വിക്കറ്റുകള്‍ തുടരെ വീഴുകയായിരുന്നു.

അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായ അജിങ്ക്യ രഹാനെ(0), രോഹിത് ശര്‍മ(6), സാഹ(13), എന്നിവരാണ് കോഹ്‌ലിയെ സാക്ഷിയാക്കി വന്നയുടന്‍ തന്നെ പവലിയനിലേക്ക് മടങ്ങിയത്. അവസാനം ലിയോണിനെ സിക്‌സറടിക്കാനുള്ള ശ്രമം പിഴച്ചതോടെ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കി കോഹ്‌ലിയും ഔട്ടായതോടെ പിന്നീടെത്തിയ കരണ്‍ ശര്‍മ(4), ഷാമി(5), വരുണ്‍ ആരോണ്‍(1) എന്നിവരും തോല്‍വി സമ്മതിക്കുകയായിരുന്നു.