|

അന്ന് ദല്‍ഹി ക്യാപ്പിറ്റല്‍സ്, ഇന്ന് സ്‌കോട്‌ലാന്‍ഡ്; മീശയുടെ പവറില്‍ പിറന്നത് ഇതുവരെയില്ലാത്ത റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ സ്‌കോട്‌ലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ക്ക് തകര്‍പ്പന്‍ ജയം. സ്‌കോട്‌ലാന്‍ഡ് ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 9.4 ഓവറില്‍ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു.

ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയും മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ടുമാണ് കങ്കാരുക്കള്‍ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

സ്‌കോട്ടിഷ് ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് ട്രാവിസ് ഹെഡ് വെടിക്കെട്ട് നടത്തിയത്. 25 പന്തില്‍ 80 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ ഒപ്പം കൂട്ടി പവര്‍പ്ലേയില്‍ തന്നെ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഹെഡിന് സാധിച്ചിരുന്നു. ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് ഹെഡും മാര്‍ഷും ചേര്‍ന്ന് അടിച്ചെടുത്തത്.

ഇതോടെ അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ എന്ന നേട്ടവും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.

ടി-20 ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറിന്റെ റെക്കോഡിലും ട്രാവിസ് ഹെഡിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ഐ.പി.എല്‍ 2024ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ആറ് ഓവറില്‍ 125 റണ്‍സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. യുവതാരം അഭിഷേക് ശര്‍മയായിരുന്നു അന്നത്തെ ഹെഡിന്റെ ക്രൈം പാര്‍ട്ണര്‍.

ദല്‍ഹിയുടെ ഹോം സ്‌റ്റേഡിയമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹെഡ് 32 പന്തില്‍ 89 റണ്‍സടിച്ചപ്പോള്‍ 12 പന്തില്‍ 46 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്. ട്രവിഷേക് സഖ്യത്തിന്റെ കരുത്തില്‍ സണ്‍റൈസേഴ്‌സ് പടുകൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു.

ഈ രണ്ട് മത്സരങ്ങളിലും ട്രാവിസ് ഹെഡായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. കളിയിലെ താരവും ഹെഡ് തന്നെ.

സ്‌കോട്‌ലാന്‍ഡിനെതിരെ 320.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ഹെഡ് സ്‌കോര്‍ ചെയ്തത്. അഞ്ച് പടുകൂറ്റന്‍ സിക്‌സറുകളും 12 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും സന്ദര്‍ശകര്‍ക്കായി.

സെപ്റ്റംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രാന്‍ജ് ക്ലബ്ബ് തന്നെയാണ് വേദി.

Content Highlight: AUS vs SCO: Travis Head created history