ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ അവസാന ടെസ്റ്റ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 എന്ന നിലയിലാണ് ഇന്ത്യ.
ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ നിലവില്‍ 145 റണ്‍സിന് മുമ്പിലാണ്.
സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)
ഇന്ത്യ 185 & 141/6 (32)
ഓസ്‌ട്രേലിയ: 181
പതിവുപോലെ വിരാട് കോഹ്‌ലിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
33 പന്ത് നേരിട്ട താരം 61 റണ്‍സ് നേടിയാണ് മടങ്ങിയത്. ടി-20 ശൈലിയില്‍ 184.85 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം ആറ് ഫോറും നാല് സിക്‌സറും അടിച്ചുകൂട്ടിയിരുന്നു.
ഇപ്പോള്‍ റിഷബ് പന്തിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മിക്ക ബാറ്റര്‍മാരും 50ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ മാത്രം സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്ന പിച്ചില്‍ 184 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത് അത്ഭുതകരമാണെന്നാണ് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘ഭൂരിഭാഗം ബാറ്റര്‍മാരും 50ഓ അതില്‍ താഴെയോ മാത്രം സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്ത ഒരു പിച്ചില്‍ റിഷബ് പന്തിന്റെ 184 സ്‌ട്രൈക്ക് റേറ്റിലെ ബാറ്റിങ് തീര്‍ത്തും അത്ഭുതാവഹമാണ്.
നേരിട്ട ആദ്യ പന്ത് മുതല്‍ അവന്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞു. അവന്‍ ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ എല്ലായ്‌പ്പോഴും രസകരമാണ്. എന്തൊരു ഇംപാക്ടുള്ള ഇന്നിങ്‌സ് ആണത്,’ സച്ചിന്‍ കുറിച്ചു.
നേരിട്ട 29ാം പന്തിലാണ് റിഷബ് പന്ത് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും പന്തിനെ തേടിയെത്തി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് പന്ത് റെക്കോഡിട്ടത്.
നേരത്തെ 28 പന്തില്‍ ഫിഫ്റ്റിയടിച്ച പന്തിന്റെ പേര് തന്നെയാണ് ഈ തന്നെയാണ് റെക്കോഡ് നേട്ടത്തില്‍ ഒന്നാമതുള്ളത്.
(താരം – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനാവശ്യമായ പന്തുകള്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
റിഷബ് പന്ത് – 28 – ശ്രീലങ്ക – 2022
റിഷബ് പന്ത് – 29 – ഓസ്ട്രേലിയ – 2025*
കപില്‍ ദേവ് – 30 – പാകിസ്ഥാന്‍ – 1982
ഷര്‍ദുല്‍ താക്കൂര്‍ – 31 – ഇംഗ്ലണ്ട് – 2021
യശസ്വി ജെയ്സ്വാള്‍ – 31 – ബംഗ്ലാദേശ് – 2024
Content Highlight: AUS vs IND: Sachin Tendulkar praises Rishabh Pant