ജോഡോ യാത്രയില്‍ ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും; ലങ്കേഷിന്റെ ആശയങ്ങള്‍ക്കൊപ്പമാണ് താനെന്ന് രാഹുല്‍ ഗാന്ധി
national news
ജോഡോ യാത്രയില്‍ ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും; ലങ്കേഷിന്റെ ആശയങ്ങള്‍ക്കൊപ്പമാണ് താനെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th October 2022, 9:45 pm

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കൊല്ലപ്പെട്ട
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കുടുംബവും. സഹോദരി കവിതയും അമ്മ ഇന്ദിരയുമാണ് വെള്ളിയാഴ്ച യാത്രയുടെ ഭാഗമായത്.

ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്നും അവരുടെ ആശയങ്ങള്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഗൗരി സത്യത്തിനുവേണ്ടി നിലകൊണ്ടു. ഗൗരി ധൈര്യത്തിന് വേണ്ടി നിലകൊണ്ടു.
ഗൗരി സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു.

ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗൗരി ലങ്കേഷിനും അവരെപ്പോലുള്ള എണ്ണമറ്റ മറ്റുള്ളവര്‍ക്കും വേണ്ടി ഞാന്‍ നിലകൊള്ളുന്നു.

അവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്ര. അത് ഒരിക്കലും നിശബ്ദമാക്കാന്‍ കഴിയില്ല,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ലങ്കേഷിന്റെ അമ്മയുടെ കൈപിടിച്ച് നടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

ഗൗരി ലങ്കേഷ് 2017 സെപ്റ്റംബറിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു.

സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ അവര്‍ മരിച്ചു.

സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് കേസില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

CONTENT HIGHLIGHTS:  Gauri Lankesh’s mother, sister Participating Rahul Gandhi’s  Bharat Jodo Yatra