റയല്‍ മാഡ്രിഡിന്റെ മത്സരം നടക്കുന്നതിനിടെ എന്‍.ബി.എ മത്സരത്തില്‍ പങ്കെടുത്തതില്‍ ക്ഷമാപണവുമായി ഒറാലിയന്‍ ചൗമനി (Aurelien Tchouameni). കോപ്പ ഡെല്‍ റേയില്‍ വിയ്യാറയലിനെതിരായ മത്സരം നടക്കുമ്പോഴായിരുന്നു ചൗമനി എന്‍.ബി.എ മത്സരത്തില്‍ പങ്കെടുത്തത്.
പാരീസിലെ അക്കോര്‍ അരീനയില്‍ വെച്ച് ഡെട്രോയ്ഡ് പിസ്റ്റണും ചിക്കാഗോ ബുള്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ചൗമനി സ്‌പെഷ്യല്‍ ഗസ്റ്റായിരുന്നു.
പരിക്കേറ്റതിന് പിന്നാലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളായി ചൗമനി റയലിനായി കളത്തിലിറങ്ങിയിട്ടില്ല. ഇതിന് പിന്നാലെയാണ് വിയ്യാറയലിനെതിരായ നിര്‍ണായക മത്സരം കാണാന്‍ നില്‍ക്കാതെ താരം ഡെട്രോയ്ഡ്-ചിക്കാഗോ മത്സരം കാണാന്‍ ഇറങ്ങിയത്.
കോപ്പ ഡെ എസ്പാന ഫൈനലില്‍ ചിരവൈരികളായ ബാഴ്‌സലോണയോട് 3-1ന് തോറ്റ ശേഷം നടക്കുന്ന മത്സരം എന്ന നിലയില്‍ ടീമിന്റെ തിരിച്ചുവരവിനാണ് ആരാധകര്‍ ഏറെ കാത്തിരുന്നത്. വിയ്യാ റയലിനെ 3-2ന് തോല്‍പ്പിച്ചെങ്കിലും ചൗമനിയുടെ പ്രവര്‍ത്തി ആരാധകരെയും മാനേജ്‌മെന്റിനെയും ചൊടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ സംഭവം വഷളായി എന്ന് മനസിലാക്കിയതോടെ ക്ഷമാപണവുമായി ചൗമനിയും രംഗത്തെത്തി.
‘ലാ കോപ്പയില്‍ നിര്‍ണായകമായ മത്സരം നടക്കുന്നതിനിടെ പുറത്തുള്ള ഒരു ഇവന്റില്‍ പങ്കെടുത്തതിന് ഞാന്‍ ക്ലബ്ബിനോടും കോച്ചിങ് സ്റ്റാഫിനോടും സഹതാരങ്ങളോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു. വിയ്യാറയലില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പക്ഷേ, ഞാനിപ്പോള്‍ ചെയ്തത് ശരിയല്ല. ക്ഷമിക്കണം,’ താരം ട്വീറ്റ് ചെയ്തു.
താരത്തിന്റെ പ്രവര്‍ത്തിയോടോ ക്ഷമാപണത്തിനോടോ ക്ലബ്ബ് എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി കാണേണ്ടത്.
ഈ സമ്മറില്‍ 80 മില്യണ്‍ ഡോളറിനായിരുന്നു മൊണോക്കോയില്‍ നിന്നും ചൗമനി റയലിലെത്തിയത്. ടീമിലെത്തിയതിന് ശേഷം 21 മത്സരങ്ങളില്‍ ലോസ് ബ്ലാങ്കോസിനായി ബൂട്ടണിഞ്ഞ താരം രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
അതേസമയം, രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കോപ്പ ഡെല്‍ റേയില്‍ റയല്‍ വിയ്യാറയിനെ തോല്‍പിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയല്‍ വിജയം സ്വന്തമാക്കിയത്.
കളിയുടെ 4, 42 മിനിട്ടില്‍ വിയ്യാറയല്‍ സ്‌കോര്‍ ചെയ്തപ്പോള്‍ 57 മിനിട്ടില്‍ വിനീഷ്യസ് ജൂനിയറിലൂടെയാണ് റയല്‍ അക്കൗണ്ട് തുറന്നത്. 69ാം മിനിട്ടില്‍ മിലിറ്റാവോയിലൂടെ ഒപ്പമെത്തിയ റയല്‍ 86ാം മിനിട്ടില്‍ സെബാലോസിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.
ജനുവരി 23നാണ് റയലിന്റെ അടുത്ത മത്സരം. അത്‌ലറ്റിക്കോ ബില്‍ബാവോയാണ് എതിരാളികള്‍.
Content Highlight: Aurelien Tchouameni apologize to Real Madrid for attending an outside event during Real’s match