ലക്‌നൗ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പിന്മുറക്കാര്‍ റിക്ഷാ തൊഴിലാളികളാണെന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും റിക്ഷാ തൊഴിലാളികളായാണ് ഉപജീവനം കണ്ടെത്തുന്നതുമാണെന്നാണ് യോഗിയുടെ പരാമര്‍ശം.
ചരിത്രത്തിലെ ദൈവിക നീതി പരാമര്‍ശിച്ചുകൊണ്ടാണ് യോഗിയുടെ പ്രസ്താവന. ‘ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഔറംഗസേബിന്റെ സന്തതികള്‍ കൊല്‍ക്കത്തയ്ക്ക് സമീപം റിക്ഷാ തൊഴിലാളികളായി ഉപജീവനം നടത്തുകയാണ്,’ യോഗി ആദിത്യനാഥ് ആരോപിച്ചു.
ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും സനാതന മൂല്യം സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍സാക്ഷ്യമാണ് സംഭവിക്കുന്നതെന്നും യോഗി പറഞ്ഞു.
ലോകം ഒരു കുടുംബമാണെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷിമാരാണ് ഈ ആശയം വിഭാവനം ചെയ്തിട്ടുള്ളതെന്നും യോഗി പറയുകയുണ്ടായി. സനാതന ധര്‍മം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും യോഗി പറഞ്ഞു.
ചരിത്രപരമായി നോക്കുമ്പോള്‍ ഹിന്ദുക്കളുടെ പല ക്ഷേത്രങ്ങളും നശിപ്പിച്ചിട്ടുണ്ടെന്നും കാശിയും അയോധ്യയും സംഭാലും ഭോജ്പൂരുമെല്ലാം ഇതിന് ഉദാഹരണമാണെന്നും യോഗി ആരോപിച്ചു. നൂറ്റാണ്ടുകളായി ഹിന്ദു ക്ഷേത്രങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നുണ്ടെന്നും യോഗി പറഞ്ഞു.
Content Highlight: Aurangzeb’s descendants are rickshaw pullers; Yogi Adityanath with controversial remarks