| Friday, 24th August 2018, 11:08 am

റോഹിംഗ്യന്‍ വംശഹത്യ: ആങ് സാന്‍ സൂചിയുടെ എഡിന്‍ബര്‍ഗ് പുരസ്‌കാരവും തിരിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാങ്കൂണ്‍: ആങ് സാന്‍ സൂചിയില്‍ നിന്നും “സ്വാതന്ത്ര്യ പുരസ്‌കാരം” തിരിച്ചെടുക്കാന്‍ സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. മ്യാന്‍മര്‍ പട്ടാളം നടത്തുന്ന റോഹിംഗ്യന്‍ മുസ്‌ലിം വംശഹത്യയെ പിന്തുണയ്ക്കുന്ന സൂചിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

2005ലാണ് സൂചിയെ ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. മ്യാന്‍മര്‍ പട്ടാളത്തിനെതിരെ സഹനസമരം നടത്തി വീട്ടുതടങ്കലില്‍ കഴിയവേയായിരുന്നു സൂചിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്.

പുരസ്‌കാരം തിരിച്ചെടുക്കണമെന്നുള്ള പ്രമേയം കൗണ്‍സിലര്‍മാര്‍ വോട്ടു ചെയ്തു പാസാക്കുകയായിരുന്നു. ലോഡ് പ്രോവോസ്റ്റ് ഫ്രാങ്ക് റോസ്റ്റാണ് പ്രമേയം കൊണ്ടുവന്നത്.

Also Read:കേരളത്തിന് ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍: സഹായസന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും യു.എ.ഇ

“ബംഗ്ലാദേശിന്റെ സമീപ പ്രദേശങ്ങളിലെയും തെക്കന്‍ രാഗിനെയിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍, ഹിംസ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള യു.എന്‍, ആംനസ്റ്റി, അന്താരാഷ്ട്ര സമൂഹം എന്നിവയുടെ ആവശ്യം” എന്നീ കാര്യങ്ങള്‍ പ്രമേയം രേഖപ്പെടുത്തി.

പത്തുമാസമായി ചേമ്പറില്‍ സൂചിയുടെ പുരസ്‌കാരം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുകയാണെന്ന് റോസ് പറഞ്ഞു. “മ്യാന്‍മറിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് ചെയ്തത്. സൂചിയ്ക്ക് എഴുതാന്‍ ചേമ്പര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. താങ്കളുടെ അധികാരമുപയോഗിച്ച് ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാര ജേതാവെന്ന നിലയില്‍ ഈ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ” എന്ന് അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Also Read:“ആ ഫോണൊക്കെ താഴ്ത്തിവെച്ചിട്ട് ഒരു ചൂലുമെടുത്ത് ഇറങ്ങിക്കൂടേ” ട്രോളുന്നവരോട് അല്‍ഫോണ്‍സ് കണ്ണന്താനം

ഇതിനു പുറമേ പറ്റാവുന്ന എല്ലാ തരത്തിലും സൂചിയുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടും മ്യാന്‍മറില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പുരസ്‌കാരം പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യത്വ വിരുദ്ധമായ നിലപാടിനെതിരെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ സൂചിക്ക് നഷ്ടമാകുന്ന ഏഴാമത്തെ വലിയ അന്താരാഷ്ട്ര പുരസ്‌കാരമാണിത്. ഓക്‌സ്‌ഫോഡ്, ഗ്ലാസ്‌കോ, ന്യൂകാസില്‍ എന്നീ നഗരങ്ങള്‍ സൂചിയില്‍ നിന്നും പുരസ്‌കാരം തിരിച്ചെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more