| Tuesday, 1st August 2023, 2:52 pm

ഓങ് സാങ് സൂചിക്ക് മാപ്പ് നല്‍കി മ്യാന്‍മര്‍ പട്ടാള ഭരണകൂടം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നയ്പിറ്റാവ്: സമാധാന നോബേല്‍ സമ്മാന ജേതാവ് ഓങ് സാങ് സൂചിക്ക് മാപ്പ് നല്‍കി മ്യാന്‍മര്‍ പട്ടാള ഭരണകൂടം. 33 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവയില്‍ അഞ്ച് കേസുകള്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബുദ്ധമത നോമ്പ് പ്രമാണിച്ച് ആംനെസ്റ്റി 7,000ലധികം തടവുകാര്‍ക്ക് പൊതുമാപ്പ് അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഓങ് സാങ് സൂചിക്കും മാപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച നയ്പിറ്റാവിലെ ജയിലില്‍ നിന്നും സൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021ല്‍ സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തത് മുതല്‍ സൂചി തടങ്കലിലായിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറി, അഴിമതി തുടങ്ങിയ 19 കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കിയത്. എന്നാല്‍ തനിക്കെതിരായ എല്ലാ കുറ്റങ്ങളും സൂചി നിഷേധിച്ചിരുന്നു. മാപ്പ് നല്‍കിയാലും ഓങ് സാങ് സൂചി തടങ്കലില്‍ തന്നെ തുടരുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂചിയെ വീട്ടുതടങ്കലില്‍ നിന്നും മോചിതയാക്കില്ലെന്നാണ് ചില വൃത്തങ്ങള്‍ അറിയിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സൂചി ഇനിയും 14 കേസുകള്‍ കൂടി നേരിടുന്നുണ്ടെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
‘സൂചിയെ പൂര്‍ണമായും മോചിതയാക്കാന്‍ സാധിക്കില്ല. സൂചിക്കെതിരെ ഇനിയും 14 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 19 കേസുകളില്‍ അഞ്ച് കേസുകള്‍ക്ക് മാത്രമാണ് മാപ്പ് നല്‍കിയത്,’ നിയമവൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പൊതുമാപ്പിന്റെ ഭാഗമായി മുന്‍ പ്രസിഡന്റ് വിന്‍ മിഡൈനിന്റെ ശിക്ഷകള്‍ക്കും ഇളവ് നല്‍കിയതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മ്യാന്‍മാറിലെ സ്വതന്ത്ര്യ നായകനായ ഓങ് സാങ്ങിന്റെ മകളാണ് ഓങ് സാങ് സൂചി. 1989ല്‍ സൈനിക ഭരണത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നാണ് ആദ്യമായി സൂചി വീട്ടുതടങ്കലിലാകുന്നത്. 1991ല്‍ ജനാധിപത്യത്തിനായുള്ള പ്രചാരണം നടത്തിയതില്‍ സൂചിക്ക് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 2010ല്‍ വീട്ടുതടങ്കലില്‍ നിന്നും പൂര്‍ണമായും മോചിതയാക്കപ്പെട്ടു. തുടര്‍ന്ന് 2015ല്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2020ലും തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും അട്ടിമറി ആരോപിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു രാജ്യത്ത് ഉണ്ടായത്. പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന ബലപ്രയോഗം നടത്തി. ഈ പ്രതിഷേധത്തില്‍ 3800ലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights:  Aung San Suu Kyi granted clemency by military junta;  Reports

We use cookies to give you the best possible experience. Learn more