നയ്പിഡോ : ഓങ് സാന്‍ സൂചിക്കും അവരുടെ മുന്‍ ഉപദേശകന്‍ ഷോണ്‍ ടേണലിനും മ്യാന്‍മര്‍ കോടതി മൂന്ന് വര്‍ഷത്തെ തടവുവിധിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷയെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള മക്വെറി സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് സുചിയുടെ ഉപദേശകനായിരുന്ന ടേണല്‍. ടേണല്‍ ഇമിഗ്രേഷന്‍ നിയമം തെറ്റിച്ചെന്ന് കാണിച്ചും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇരുവരും കുറ്റം നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അടച്ചിട്ട കോടതിയിലാണ് ശിക്ഷാവിധി നടന്നത്.
എഴുപത്തേഴുകാരിയായ സുചിക്ക് നിലവില്‍ വിവിധ കേസുകളിലായി 23 വര്‍ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. അഴിമതി, പട്ടാളത്തിനെതിരെ ജനങ്ങളെ ഇളക്കിവിടല്‍, കൊവിഡ് പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയവയാണ് സൂചിക്കെതിരായ കുറ്റങ്ങള്‍. ഇതിന് പിന്നാലെയാണ് പുതിയ കേസ്.