| Monday, 1st July 2019, 9:35 am

200 കോടിയുടെ വിവാഹങ്ങള്‍, 300 ക്വിന്റല്‍ മാലിന്യം; ഔലിയിലെ കാഴ്ച ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഔലി: ഉത്തരാഖണ്ഡിലെ ഔലി എന്ന താഴ്‌വരയില്‍ ചെന്നാല്‍ ഒരു കാഴ്ച കാണാം. രണ്ടാഴ്ച മുന്‍പ് നടന്ന രണ്ട് ആഡംബര വിവാഹത്തിന്റെ ബാക്കിപത്രം. ഔലി ഇന്നൊരു മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞുവെന്നതാണു യാഥാര്‍ഥ്യം.

കഴിഞ്ഞമാസം 18 മുതല്‍ 22 വരെ നടന്ന രണ്ടു വിവാഹങ്ങളാണ് ഔലിയെ ഈ അവസ്ഥയിലാക്കിയത്. ദക്ഷിണാഫ്രിക്കന്‍ വ്യവസായികളായ രണ്ടുപേരുടെ ആണ്‍മക്കളുടെ വിവാഹം പൊടിപൊടിച്ചതാണ് ഔലിയില്‍ ഇപ്പോള്‍ കാണുന്നത്. 200 കോടിയായിരുന്നു വിവാഹങ്ങളുടെ ചെലവ്.

വിവാഹത്തില്‍ ധാരാളം സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിമാര്‍, കത്രീന കൈഫ് അടക്കമുള്ള ബോളിവുഡ് താരങ്ങള്‍, പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് തുടങ്ങിയവരാണ് ഇതില്‍ പങ്കെടുത്തത്. അതിഥികളെ എത്തിക്കാന്‍ ഹെലിക്കോപ്ടറുകളും അവിടെയെത്തിയിരുന്നു.

വിവാഹങ്ങള്‍ കഴിഞ്ഞതോടെ 300 ക്വിന്റല്‍ മാലിന്യമാണ് ഔലിയില്‍ അടിഞ്ഞുകൂടിയത്. ഏറെക്കുറേ ഇത് വൃത്തിയാക്കാനായി എന്നതാണ് ജോഷിമഠ് മുനിസിപ്പല്‍ കോര്‍പറേഷന്റെ അവകാശവാദം.

അജയ് ഗുപ്തയുടെ മകന്‍ സൂര്യകാന്ത്, അതുല്‍ ഗുപ്തയുടെ മകന്‍ ശശാങ്ക് എന്നിവരുടെ വിവാഹമാണ് ഔലിയില്‍ നടന്നത്. സൂര്യകാന്തിന്റെ വിവാഹം ജൂണ്‍ 18-20 ദിവസങ്ങളിലും, ശശാങ്കിന്റെ വിവാഹം ജൂണ്‍ 20-22 ദിവസങ്ങളിലുമാണു നടന്നത്.

ഇപ്പോള്‍ ഗുപ്ത കുടുംബം മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 54,000 രൂപ കെട്ടിവെച്ചിട്ടുണ്ട്. മാത്രമല്ല, ക്ലീനിങ് പ്രവൃത്തികള്‍ക്ക് ആവശ്യമായ ചെലവ് വഹിക്കാമെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്.

20 ജീവനക്കാരെയാണ് കോര്‍പ്പറേഷന്‍ ക്ലീനിങ്ങിനായി ഇവിടെ നിയോഗിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തോടും മാലിന്യ നിയന്ത്രണ ബോര്‍ഡിനോടും ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. ജൂലൈ ഏഴിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

We use cookies to give you the best possible experience. Learn more