കേരളത്തില്‍ ആഗസ്റ്റ് 12ന് ബലിപെരുന്നാള്‍
Kerala News
കേരളത്തില്‍ ആഗസ്റ്റ് 12ന് ബലിപെരുന്നാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2019, 10:46 pm

കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഗസ്റ്റ് 12-നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോഴിക്കോടും കൊല്ലത്തും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് വിവിധ ഖാസിമാര്‍ ആഗസ്റ്റ് 12ന് ബലിപെരുന്നാള്‍ പ്രഖ്യാപിച്ചത്.

നേരത്തെ കൊല്ലത്ത് മാത്രം മാസപ്പിറവി കണ്ടതിനാല്‍ തെക്കന്‍ കേരളത്തില്‍ മാത്രമേ ബലിപെരുന്നാള്‍ പ്രഖ്യാപിച്ചിരുന്നുള്ളൂ. കൊല്ലത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ പാളയം ഇമാം വി.പി സുഹൈബ് മൗലവിയാണ് ബലിപെരുന്നാള്‍ പ്രഖ്യാപിച്ചത്.

കോഴിക്കോട് കാപ്പാട് ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദ്യശ്യമായെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജിയും ബലി പെരുനാള്‍ പ്രഖ്യാപിച്ചത്.

ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്റ്റ് മൂന്നിനും അറഫാ നോമ്പ് ആഗസ്റ്റ് 11 നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരും അറിയിച്ചു.

കേരളത്തിലെവിടെയും വ്യാഴാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ദുല്‍ഹജ്ജ് ഒന്ന് ആഗസ്റ്റ് മൂന്നിനും ബലിപെരുന്നാള്‍ ആഗസ്റ്റ് 12നുമായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയും അറിയിച്ചു.

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ആഗസ്റ്റ് 10ന് നടക്കും. സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളും ആഗസ്റ്റ് 11ന് ബലിപെരുന്നാള്‍ ആഘോഷിക്കും. എന്നാല്‍ ഒമാനില്‍ മാസപ്പിറവി ദൃശ്യമായതിന് തെളിവ് ലഭിക്കാത്തതിനാല്‍ ആഗസ്ത് 12ന് തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാള്‍.