| Tuesday, 30th August 2022, 8:40 am

കസേരയും മേശയും ഉള്‍പ്പടെ നശിച്ചു; 'പപ്പടത്തല്ലില്‍' ഒന്നര ലക്ഷം രൂപയുടെ നഷ്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ:- ഹരിപ്പാട് മുട്ടത്തെ ‘പപ്പടത്തല്ലില്‍’ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഓഡിറ്റോറിയം ഉടമ മുരളീധരന്‍ കരീലക്കുളങ്ങര പൊലീസില്‍ മൊഴി നല്‍കി. ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ച വകയിലാണ് ഒന്നര ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നത്. ഇരുകൂട്ടരും കസേരയുള്‍പ്പെടെ ഓഡിറ്റോറിയത്തിലെ സാധനങ്ങള്‍ ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.

ഞായറാഴ്ച ഉച്ചക്ക് ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജങ്ഷന് സമീപത്തെ ഓഡിറ്റോറിയത്തിലാണ് പപ്പടത്തിന്റെ പേരില്‍ സംഘട്ടനമുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഓഡിറ്റോറിയം ഉടമ കരിപ്പുഴ കൂന്തലശേരില്‍ മുരളീധരന്‍ (74), വിവാഹത്തിനെത്തിയ ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കസേര കൊണ്ടുള്ള ആക്രമണത്തില്‍ മുരളീധരന് 14 സ്റ്റിച്ചുണ്ട്.

കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയായിരുന്നു കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നത്. കൂടാതെ ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. വിഡിയോ വൈറലായതോടെ സൈബര്‍ ഇടത്ത് ട്രോളുകളും നിറയുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹീമിന്റെ ചാനല്‍ ചര്‍ച്ചയിലെ ഇന്‍ട്രോയുടെ സ്പൂഫ് എന്ന നിലയില്‍ ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കിലെഴുതിയ രസകരമായ കുറിപ്പ് വായിക്കാം.

പരിപ്പും പയറും പാലടയും പിന്നെ പലരും പടിക്ക് പുറത്ത് പ്രതിഷ്ഠിച്ച സേമിയയും പരന്നൊഴുകുന്ന തൂശനിലയുടെ മറ്റേയറ്റത്ത് അവനിരിപ്പുണ്ട്. പലരും പറഞ്ഞ് പരത്തിയതുപോലെ പെണ്ണിനും പുതുമണവാളനും പരിവാരങ്ങള്‍ക്കും പണികൊടുത്ത് പഞ്ഞിക്കിട്ട് പലവഴിക്ക് പറഞ്ഞയയ്ക്കാനായി പരിശ്രമിക്കുന്ന അധമക്കൂട്ടങ്ങളില്‍പ്പെടില്ല പപ്പടമെന്ന പഞ്ചപാവം. അവന്‍ വെയിലത്തുണങ്ങിയവനാണ്, എണ്ണയില്‍ പൊള്ളിയവനാണ്, ഒന്ന് തൊട്ടാല്‍ പൊടിഞ്ഞുപോവുന്നത്ര പരമസാധുവാണ്. പറഞ്ഞുവരുമ്പൊ കാര്യമിങ്ങനെയാണെങ്കിലും കറികളില്‍ കേമന്മാര്‍ കുറെയധികമുണ്ടായിട്ടും പത്രത്താളുകളില്‍ ചിത്രമടക്കം ചരിത്രം കുറിക്കാന്‍ പപ്പടത്തിനല്ലാതെ മറ്റാര്‍ക്കുമായിട്ടില്ലെന്നതും വാസ്തവം. പായസത്തിനും ബിരിയാണിക്കും പുട്ടിനും പരിപ്പിനും പയറിനും കഞ്ഞിക്കുമെല്ലാം പരിധികളില്ലാതെ, ഉപാധികളില്ലാതെ, പരിമിതികളില്ലാതെ പിന്തുണ കൊടുക്കുന്ന പപ്പടം മലയാളിയുടെ മതേതരമനസിന്റെ മകുടോദാഹരണമാണ്.
പാനിയും പഴവും കൊണ്ട് പലരും പടത്തില്‍ നിന്ന്
പായിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരിക്കേല്‍ക്കാതെ പുല്ലുപോലെ പിടിച്ചുനില്‍ക്കുന്ന പപ്പടത്തെ പുഷ്പം പോലെ പൊടിച്ചുകളയാമെന്ന് പകല്‍ക്കിനാവ് കാണുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത് അതിമോഹമാണ്, അത്യാഗ്രഹമാണ്, വിനാശകാലത്ത് തോന്നുന്ന വിപരീതബുദ്ധിയാണ്. പഴത്തിനും പായസത്തിനുമൊപ്പം പപ്പടത്തിനെയും പൊടിച്ചുചേര്‍ക്കണമെന്നും വേണ്ടെന്നും വാദം മുറുകുന്നത് ആര്‍ക്ക് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ്, എന്തു കാര്യത്തിന്നായാണ്, എന്തോന്നിനാണ്?

ഇന്ന് രാത്രി ചര്‍ച്ച ചെയ്യുന്നു..പ്രിയ പ്രേക്ഷകര്‍ക്ക് സ്വാഗതം. ‘ പപ്പടത്തെ പേടിക്കുന്നതാര് ‘

CONTENT HIGHLIGHTS: Auditorium owner Muralidharan gave a statement to police that he had suffered a loss of Rs. 10000 in Harippad Pappadam fight

We use cookies to give you the best possible experience. Learn more