| Thursday, 1st August 2024, 9:50 am

മരക്കാര്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് പ്രിയദര്‍ശനോട് ചോദിച്ചാല്‍ ഈയൊരു കാരണം തന്നെയാകും പറയുക: ഓഡിയോഗ്രാഫര്‍ എം.ആര്‍. രാജകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓഡിയോഗ്രഫി രംഗത്ത് കഴിഞ്ഞ 18 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്നയാളാണ് എം.ആര്‍ രാജകൃഷ്ണന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് രാജകൃഷ്ണന്‍. 2019ല്‍ രംഗസ്ഥലം എന്ന ചിത്രത്തിലെ ഓഡിയോഗ്രഫിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. നാല് തവണ സംസ്ഥാന അവാര്‍ഡും രാജകൃഷ്ണന്‍ സ്വന്തമാക്കിയിട്ടുണ്ട്.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഓഡിയോഗ്രഫി നിര്‍വഹിച്ചതും രാജകൃഷ്ണനായിരുന്നു. മലയാളസിനിമ കണ്ട ഏറ്റവും വലിയ ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി. ചിത്രത്തിന്റെ പരാജയകാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജകൃഷ്ണന്‍.

ചിത്രത്തിലെ മ്യൂസിക് ലെവലിനെക്കുറിച്ച് പലരും പരാതിപ്പെട്ടുവെന്നും തങ്ങള്‍ ആ സിനിമയില്‍ ഇംഗ്ലീഷ് സ്റ്റൈല്‍ പിടിക്കാന്‍ നോക്കിയതാണെന്നും രാജകൃഷ്ണന്‍ പറഞ്ഞു. മലയാളത്തില്‍ ഇംഗ്ലീഷ് സ്റ്റൈല്‍ വര്‍ക്കൗട്ടാകില്ലെന്ന് മരക്കാറിന്റെ പരാജയം ബോധ്യപ്പെടുത്തിയെന്നും രാജകൃഷ്ണന്‍ പറഞ്ഞു. ഇവിടെയുള്ള പ്രേക്ഷകര്‍ക്ക് ലൗഡായിട്ടുള്ള മ്യൂസിക്കാണ് വേണ്ടതെന്നും രാജകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു രാജകൃഷ്ണന്‍.

‘മരക്കാര്‍ എന്ന സിനിമ വലിയ പരാജയമായിരുന്നു. അതിന്റെ കാരണമെന്താണെന്ന് എന്നോടും പ്രിയനോടും ചോദിച്ചാല്‍ ഒരൊറ്റ കാര്യമേ പറയുള്ളൂ. പലരും കുറ്റം പറഞ്ഞ ഒു കാര്യമായിരുന്നു മ്യൂസിക് ലെവല്‍ കുറഞ്ഞുപോയെന്ന്. ഇംഗ്ലീഷ് സിനിമകളുടെ ലൈന്‍ പിടിക്കാന്‍ നോക്കിയതാണ് ആ സിനിമയില്‍. മലയാളത്തില്‍ ആ കാര്യം നടക്കില്ല എന്ന് മരക്കാര്‍ തെളിയിച്ചു.

വാര്‍ സീക്വന്‍സില്‍ നമ്മള്‍ വി.എഫ്.എക്‌സിനാണ് ഇംപോര്‍ട്ടന്‍സ് കൊടുത്തത്. ആ സീനിലൊന്നും മ്യൂസിക്കിന് പ്രാധാന്യമില്ല. പക്ഷേ പ്രേക്ഷകര്‍ അവിടെയൊക്കെ ലൗഡായിട്ടുള്ള മ്യൂസിക്കാണ് പ്രതീക്ഷിച്ചത്. ലാലേട്ടന്റെ മാസ് സീനുകള്‍ക്ക് മൈല്‍ഡായിട്ടുള്ള ബി.ജി.എമ്മാണ് കൊടുത്തത്. പ്രേക്ഷകര്‍ ഒരിക്കലും അതൊന്നും അക്‌സപ്റ്റ് ചെയ്യില്ലെന്ന് മനസിലായി,’ രാജകൃഷ്ണന്‍ പറഞ്ഞു.

Content Highlight: Audiographer MR Rajakrishnan about failure of Marakkar movie

We use cookies to give you the best possible experience. Learn more