| Thursday, 29th August 2024, 1:05 pm

ആ മമ്മൂട്ടിചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് കഴിഞ്ഞപ്പോഴേക്കും ഞാന്‍ തളര്‍ന്നുവീണു: ഓഡിയോഗ്രാഫര്‍ എം.ആര്‍ രാജകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓഡിയോഗ്രഫി രംഗത്ത് കഴിഞ്ഞ 18 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്നയാളാണ് എം.ആര്‍ രാജകൃഷ്ണന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് രാജകൃഷ്ണന്‍. 2019ല്‍ രംഗസ്ഥലം എന്ന ചിത്രത്തിലെ ഓഡിയോഗ്രഫിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. നാല് തവണ സംസ്ഥാന അവാര്‍ഡും രാജകൃഷ്ണന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രഭാസ് നായകനായ കല്‍ക്കിയുടെ ഓഡിയോഗ്രഫി നിര്‍വഹിച്ചതും രാജകൃഷ്ണനായിരുന്നു.

സംഗീത് ശിവന്‍ സംവിധാനം ചെയ്ത അപരിചിതനിലൂടെയാണ് രാജകൃഷ്ണന്‍ കരിയര്‍ ആരംഭിച്ചത്. മലയാളികള്‍ അന്നുവരെ കണ്ടുശീലിച്ച ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു അപരിചിതന്‍ സമ്മാനിച്ചത്. ഓജോ ബോര്‍ഡ് എന്ന ആശയം മലയാളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ സിനിമയായിരുന്നു അപരിചിതന്‍.

ചിത്രത്തിന്റെ സൗണ്ട് റെക്കോഡിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രാജകൃഷ്ണന്‍.മൂന്ന് മാസത്തോളം സമയമെടുത്താണ് അപരിചിതന്റെ സൗണ്ട് റെക്കോഡ് ചെയ്തതെന്നും എന്നാല്‍ മിക്‌സിങ് കഴിഞ്ഞപ്പോള്‍ ഹാര്‍ഡ് ഡിസ്‌ക് നശിച്ചുപോയെന്നും രാജകൃഷ്ണന്‍ പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞ് സെന്‍സര്‍ ചെയ്യേണ്ട അവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നുവെന്നും രാജകൃഷ്ണന്‍ പറഞ്ഞു.

മൂന്ന് മാസം കൊണ്ട് ചെയ്ത വര്‍ക്ക് രണ്ട് ദിവസം ഊണും ഉറക്കവുമില്ലാതെ ഒന്നുകൂടി ചെയ്തുവെന്നും രാജകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ മിക്‌സിങ് കഴിഞ്ഞപ്പോഴേക്ക് താന്‍ ടേബിളില്‍ തളര്‍ന്നുവീണെന്നും രാജകൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ആദ്യത്തെ സിനിമയായിരുന്നു അപരിചിതന്‍. അതിന്റേതായ എല്ലാ ടെന്‍ഷനും എനിക്ക് നല്ലോണം ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം കഷ്ടപ്പെട്ടാണ് അതിന്റെ സൗണ്ട് റെക്കോഡിങ് പൂര്‍ത്തിയാക്കിയത്. സെന്‍സര്‍ ചെയ്യുന്നതിന് മുന്നേ സൗണ്ട് മിക്‌സിങ് ചെയ്യാന്‍ തീരുമാനിച്ചു. മിക്‌സിങ് കഴിഞ്ഞ ശേഷം ക്രൂവിനെ വിളിച്ച് പ്ലേ ചെയ്തപ്പോള്‍ ഹാര്‍ഡ് ഡിസ്‌ക് അടിച്ചുപോയി.

ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ നിന്നപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ അവരോട് പറഞ്ഞു. എന്റെ ലൈഫ് തീര്‍ന്നു എന്ന് അപ്പോള്‍ വിചാരിച്ചു. ഇന്നത്തെപ്പോലെ റീസ്‌റ്റോര്‍ ചെയ്യാനുള്ള സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് മാസം കൊണ്ട് ചെയ്ത മുഴുവന്‍ വര്‍ക്കും ഞാന്‍ രണ്ട് ദിവസം ഊണും ഉറക്കവുമില്ലാതെ ഒന്നുകൂടി ചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നുവീഴുകയായിരുന്നു,’ രാജകൃഷ്ണന്‍ പറഞ്ഞു.

Content Highlight: Audiographer MR Rajakrishnan about Aparichithan movie

We use cookies to give you the best possible experience. Learn more