| Wednesday, 5th January 2022, 6:17 pm

അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ദിലീപ്; 'വി.ഐ.പി'യുടെയും ദിലീപിന്റെയും സംഭാഷണങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപും സംഘവും അപയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്.

നടന്‍ ദിലീപിന്റേയും കേസിന്റെ ഭാഗമായ വി.ഐ.പി എന്ന് പറയപ്പെടുന്നയാളുടെയും ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നതാണ് ശബ്ദരേഖയിലെ ഹൈലൈറ്റ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.

റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ട ശബ്ദരേഖയിലുള്ളത്

ദിലീപ്: ‘അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ, അനുഭവിക്കാന്‍ പോവുന്നത്. വി.ഐ.പി: കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ’.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും'(ചിരിക്കുന്നു).

ദിലീപിന്റെ സഹോദരന്‍ അനൂപും വി.ഐ.പിയും തമ്മിലുള്ള സംഭാഷണം: ‘നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങള്‍’.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.

തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.

നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യംചെയ്യാനായി പൊലീസ് സംഘം ആദ്യം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Audio Out Dileep and his gang were trying to intimidate the investigating officers in the assault Actress assault case

Latest Stories

We use cookies to give you the best possible experience. Learn more