| Saturday, 9th May 2020, 2:57 pm

മര്‍ക്കസ് നിസാമുദ്ദീന്‍ തലവന്‍ മൗലാനാ സാദിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ വ്യാജമെന്ന് ദല്‍ഹി ക്രൈം ബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മര്‍ക്കസ് നിസാമുദ്ദീന്‍ തലവന്‍ മൗലാനാ സാദ് കന്ദല്‍വിയുടെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് ദല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച്. തബ് ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരോട് സമൂഹ്യ അകലം പാലിക്കേണ്ടതില്ലെന്ന് സാദ് പറയുന്നതായി പ്രചരിച്ച ഓഡിയോ ആണ് വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചത്.

ഓഡിയോ ക്ലിപ്പ് വിവിധ ശബ്ദ ശകലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയതാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സാദിന്റെതായി പ്രചരിച്ച എല്ലാ ഓഡിയോയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അധികൃതരുടെ ഭാഗത്തുനിന്നും മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അത് വകവെക്കാതെ ദല്‍ഹിയിലെ നിസാമുദ്ദീനിലെ പള്ളിയില്‍ 2,000 ത്തോളം പേരെ പങ്കെടുപ്പിച്ച് തബ്‌ലീഗ് സമ്മേളനം സംഘടിപ്പിച്ചതിനാണ് മൗലാനാ സാദടക്കം ഏഴുപേര്‍ക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് കേസെടുത്തത്.

ഒരു മര്‍ക്കസ് അംഗത്തില്‍ നിന്നും 350ഓളം ഓഡിയോ ക്ലിപ്പുകളടങ്ങുന്ന ലാപ്‌ടോപ്പുകള്‍ കണ്ടെടുത്തെന്നും അവ പരിശോധിച്ചെന്നും അധികൃതര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

എഫ്.ഐ.ആറില്‍ പരാമര്‍ശിച്ച സാദിന്റെതെന്നു പ്രചരിച്ച ഓഡിയോ ക്ലിപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കേസിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more