ജയ്പൂര്‍: കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അട്ടിമറി നീക്കങ്ങള്‍ നടന്നിരുന്നെന്ന് ആവര്‍ത്തിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇതിന് തെളിവായി പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകള്‍ വ്യാജമല്ല. വിദഗ്ധ പരിശോധനയ്ക്കായി ഇവ വിദേശത്തേക്ക് അയക്കാന്‍ തയ്യാറാണെന്നും ഗെലോട്ട് പറഞ്ഞു.
കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്, ചുല ബി.ജെ.പി നേതാക്കള്‍, കോണ്‍ഗ്രസ് വിമത പാളയത്തിലുള്ള സച്ചിന്‍ പൈലറ്റ് അടക്കമുള്ള എം.എല്‍.എമാര്‍ എന്നിവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് നേരത്തെ പുറത്തുവിട്ട ഈ ഓഡിയോ ക്ലിപ്പുകള്‍. സര്‍ക്കാരിനെ അട്ടമറിക്കാനുള്ള ഗൂഢാലോചനകള്‍ നടത്തിയ വിവരങ്ങളാണ് ക്ലിപ്പിലുള്ളതെന്നാണ് ഗെലോട്ട് അവകാശപ്പെടുന്നത്.
ഓഡിയോ ക്ലിപ്പുകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞാണ് ഗെലോട്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ക്ലിപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
രാജസ്ഥാന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെങ്കില്‍ എഫ്.എസ്.എല്‍ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയയ്ക്കാമെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും വിശ്വാസമില്ലെന്നും ഗെലോട്ട് പറഞ്ഞു.
അശോക് ഗെലോട്ട് ഓഡിയോ ക്ലിപ്പുകള്‍ പരിശോധനയ്ക്ക് നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് ഗജേന്ദ്ര സിങ് ഷെഖാവത് വിമര്‍ശിച്ചിരുന്നു. ടേപ്പിലുള്ളത് തന്റെ ശബ്ദമാണെന്ന ആരോപണവും അദ്ദേഹം നിരസിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ഗെലോട്ട്.
അതേസമയം, സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.
കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക