| Sunday, 8th October 2023, 4:13 pm

സിനിമയില്‍ ഉഴപ്പ് കാണിച്ചാല്‍ പ്രേക്ഷകര്‍ ഒരു ദാക്ഷണ്യവും കാണിക്കില്ല, പിന്നെ കരഞ്ഞിട്ട് കാര്യമില്ല: അമിത് ചക്കാലക്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ആര്‍.ആറും കെ.ജി.എഫും പോലെയുള്ള സിനിമകള്‍ കാണുന്ന ഇന്നത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു സിനിമ കൊണ്ടുവരുന്നതില്‍ ഉഴപ്പ് കാണിക്കരുതെന്ന് പറയുകയാണ് നടന്‍ അമിത് ചക്കാലക്കല്‍. ആ സിനിമ ശരിയായില്ലങ്കില്‍ മുമ്പ് എന്ത് ചെയ്തുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ആളുകള്‍ ചീത്ത വിളിക്കുമെന്നും അമിത് പറഞ്ഞു. സ്‌കൈലാര്‍ക്ക് എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് കെ.ജി.എഫും ആര്‍.ആര്‍.ആറും വിക്രവും അതുപോലെ ഇത്രയും ന്യൂ ജനറേഷന്‍ സിനിമകളും നെറ്റ്ഫ്ളിക്സിലും ആമസോണിലും കണ്ടവരുടെ മുന്നിലേക്ക് നമ്മള്‍ ഒരു സിനിമ കൊണ്ടുവരുമ്പോള്‍ ഒരു ഉഴപ്പ് കണ്ടാല്‍ അവര്‍ ഒരു ദാക്ഷണ്യവും കാണിക്കില്ല. അതിന് മുമ്പ് നമ്മള്‍ എന്ത് ചെയ്തുവെച്ചുവെന്ന് പറഞ്ഞാലും കാര്യമില്ല, ആളുകള്‍ തള്ളക്ക് വിളിക്കും. അതില്‍ കരഞ്ഞിട്ട് കാര്യമില്ല.

നന്നായി പ്രിപ്പയര്‍ ചെയ്ത് ചെയ്യണം. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂക്ക. ആ മനുഷ്യന്‍ ഈ പ്രായത്തില്‍ ഒരു പബ്ലിക്ക് അപ്പിയറന്‍സായി വരുന്നത് നോക്കണം. നമ്മുടെ വീട്ടിലുമുണ്ട് ആ പ്രായത്തിലുള്ള ആളുകള്‍.

വേറെ ഒരു ഫീല്‍ഡിലും ഇത്രയും വര്‍ഷമായി ഹീറോ ആയി നില്‍ക്കാനുള്ള ചാന്‍സ് ആര്‍ക്കും കിട്ടിയിട്ടില്ലെന്ന് തോന്നുന്നു. പുള്ളി ഒരു പബ്ലിക്ക് അപ്പിയറന്‍സിന് വരുമ്പോള്‍ ‘പ്രായമായി’ എന്ന് തോന്നിപ്പിക്കില്ല. അതാണ് അദ്ദേഹത്തിന്റെ എഫേര്‍ട്ട്. നമ്മള്‍ കണ്ട് പഠിക്കേണ്ട എഫേര്‍ട്ടാണ് അത്,’ അമിത് പറഞ്ഞു.

പ്രാവാണ് ഒടുവില്‍ റിലീസ് ചെയ്ത അമിത് ചക്കാലക്കലിന്റെ ചിത്രം. നവാസ് അലി സംവിധാനം ചെയ്ത ചിത്രം
സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍മിച്ചത്. മനോജ് കെ.യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, യാമി സോന, അജയന്‍ തകഴി, ജംഷീന ജമാല്‍, നിഷ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവരാണ് പ്രാവില്‍ മറ്റു വേഷങ്ങളിലെത്തിയത്.

Content Highlight: Audiences will not show any mercy if the film didn’t work, says Amit Chakalakkal

We use cookies to give you the best possible experience. Learn more