| Friday, 10th June 2022, 4:48 pm

'ഒന്നും മനസിലായില്ല'; നിരാശപ്പെടുത്തി ഡിയര്‍ ഫ്രണ്ടിന്റെ പ്രേക്ഷക പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനായ ഡിയര്‍ ഫ്രണ്ട് ജൂണ്‍ പത്തിന് റിലീസ് ചെയ്തിരിക്കുകയാണ്. അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിങ്ങനെ വലിയ താരനിര എത്തിയിരിക്കുന്ന ചിത്രം ബാഗ്ലൂര്‍ പശ്ചാത്തലത്തില്‍ ഏതാനും യുവാക്കളുടെ കഥയാണ് പറയുന്നത്.

എന്നാല്‍ തിയേറ്ററില്‍ ചിത്രം നിരാശപ്പെടുത്തി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ നിന്നും ഒന്നും മനസിലായില്ലെന്നാണ് പൊതുവേ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതായിരുന്നു ഭേദം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

തിയേറ്ററില്‍ ഉറങ്ങിപ്പോയെന്നും ഒട്ടും എന്‍ഗേജ് ചെയ്യിക്കാത്ത സുഹൃത്ത് ബന്ധങ്ങളാണ് ചിത്രത്തില്‍ പറയുന്നതെന്നും പ്രേക്ഷകര്‍ ട്വിറ്ററില്‍ കുറിച്ചു. അഭിനേതാക്കളെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചെന്നും എന്നാല്‍ തിരക്കഥയും സെക്കന്റ് ഹാഫും മോശമാണെന്നും ചിലര്‍ പറയുന്നു.

ഡിയര്‍ ഫ്രണ്ടിന് ഡിസാസ്റ്ററസ് സ്റ്റാര്‍ട്ടിങ്ങാണ് ലഭിച്ചതെന്നും മേജര്‍ സെന്ററുകളില്‍ പോലും ചിത്രത്തിന് മോശം തുടക്കമാണെന്നും ഫോറം കേരള ട്വിറ്ററില്‍ കുറിച്ചു. ഡിയര്‍ ഫ്രണ്ടിന് മോശം റെസ്‌പോണ്‍സാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വാശിക്കും ഇത് സംഭവിച്ചാല്‍ അത് തല്ലുമാലയെ സ്വാധീനിക്കും എന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഡിയര്‍ ഫ്രണ്ടിനൊപ്പം ഇന്ന് റിലീസ് ചെയ്ത കൊച്ചാള്‍ എന്ന സിനിമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയില്‍ പോലുമില്ല. അതേസമയം തെലുങ്ക് സിനിമകളായ അണ്ടേ സുന്ദരാനികി, 777 ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രിതകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നടന്‍ വിനീതാണ് ഡിയര്‍ ഫ്രണ്ട് സംവിധാനം ചെയ്തത്. ഇതിന് മുമ്പ് ഫഹദ് ഫാസിലിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രവും വിനീത് സംവിധാനം ചെയ്തിട്ടുണ്ട്. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിയര്‍ ഫ്രണ്ടിന്റെ നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

Content Highlight: audiences say dear friend film was a disappointment in theaters

We use cookies to give you the best possible experience. Learn more