പ്രേക്ഷകര്‍ക്ക് മുസ്‌ലിം താരങ്ങളോട് അഭിനിവേശമാണ്, അതിനാല്‍ ഇന്ത്യയെ ഫാസിസ്റ്റ് രാജ്യമെന്ന് വിളിക്കാനാവില്ല: കങ്കണ റണാവത്ത്
Film News
പ്രേക്ഷകര്‍ക്ക് മുസ്‌ലിം താരങ്ങളോട് അഭിനിവേശമാണ്, അതിനാല്‍ ഇന്ത്യയെ ഫാസിസ്റ്റ് രാജ്യമെന്ന് വിളിക്കാനാവില്ല: കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th January 2023, 12:45 pm

രാജ്യം ഖാന്‍മാരെ സ്‌നേഹിച്ചിട്ടേയുള്ളെന്നും അവര്‍ക്ക് മുസ്‌ലിം താരങ്ങളോട് അഭിനിവേശമാണെന്നും നടി കങ്കണ റണാവത്ത്. അതിനാല്‍ ഇന്ത്യയെ വെറുപ്പിന്റെ പേരിലും ഫാസിസ്റ്റ് രാജ്യമെന്നും ആക്ഷേപിക്കാനാവില്ലെന്നും ട്വിറ്ററില്‍ അവര്‍ കുറിച്ചു. പത്താന്‍ വിജയത്തെ കുറിച്ച് മറ്റൊരു യൂസറുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ വാക്കുകള്‍.

‘പത്താന്റെ വിജയത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും ആശംസകള്‍. ഇത് നാല് കാര്യങ്ങളാണ് തെളിയിക്കുന്നത്. 1) ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുപോലെ ഷാരൂഖിനെ സ്‌നേഹിക്കുന്നു, 2) ബോയ്കോട്ട് വിവാദങ്ങള്‍ സിനിമയെ ദോഷകരമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു 3) മികച്ച ഇറോട്ടിക് രംഗങ്ങളും മ്യൂസികും, 4) ഇന്ത്യയുടെ മതേതരത്വം,’ എന്നാണ് പ്രിയങ്ക ഗുപ്ത ട്വീറ്റ് ചെയ്തത്. പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ ആര്‍പ്പ് വിളിക്കുന്ന പ്രേക്ഷകരുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റാണ് കങ്കണ പങ്കുവെച്ചത്.

‘വളരെ ശരിയായ നിരീക്ഷണം. ഈ രാജ്യം ഖാന്‍മാരെ സ്‌നേഹിച്ചിട്ടേയുള്ളൂ. ചില സമയങ്ങളില്‍ ഖാന്‍മാരെ മാത്രം, അവര്‍ക്ക് മുസ്‌ലിം താരങ്ങളോട് അഭിനിവേശമായിരുന്നു. അതിനാല്‍ ഇന്ത്യയെ വെറുപ്പിന്റെ പേരിലും ഫാസിസ്റ്റ് രാജ്യമെന്നും അധിക്ഷേപിക്കാനാവില്ല. ഭാരതത്തെ പോലൊരു രാജ്യം ലോകത്തെവിടെയുമില്ല,’ കങ്കണ കുറിച്ചു.

നേരത്തെ പത്താന്‍ വിജയത്തില്‍ ആശംസകള്‍ അറിയിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. പത്താന്‍ പോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാന്‍ തങ്ങളാല്‍ കഴിയും വിധത്തില്‍ പരിശ്രമിക്കുമെന്നുമാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഷാരൂഖിന് വീണ്ടും അവസരം കൊടുത്ത ജനങ്ങള്‍ അത് തനിക്കും നല്‍കുമെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. പത്ത് വര്‍ഷത്തിനിടയില്‍ ഷാരൂഖ് ഖാന് ലഭിച്ച ആദ്യത്തെ വിജയമാണിത്. അദ്ദേഹത്തില്‍ നിന്നും ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയാണ്. ഇന്ത്യ അദ്ദേഹത്തിന് വീണ്ടും അവസരം കൊടുത്തത് പോലെ ഞങ്ങള്‍ക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാത്തിലുപരി ഇന്ത്യന്‍ ജനതക്ക് വലിയ മനസുണ്ട്, അവര്‍ ഉദാരമതികളാണ്, ജയ് ശ്രീറാം, എന്നാണ് കങ്കണ കുറിച്ചത്.

Content Highlight: Audiences are obsessed with Muslim stars, so India can’t be called a fascist country, says Kangana Ranaut