പൊലീസും ക്രൈമുമൊക്കെയാണ് പ്രേക്ഷകര്‍ക്ക് വേണ്ടത്, ക്രൈം തെളിയിക്കേണ്ടത് ആളുകളുടെയും ഉത്തരവാദിത്തം: മോഹന്‍ലാല്‍
Entertainment news
പൊലീസും ക്രൈമുമൊക്കെയാണ് പ്രേക്ഷകര്‍ക്ക് വേണ്ടത്, ക്രൈം തെളിയിക്കേണ്ടത് ആളുകളുടെയും ഉത്തരവാദിത്തം: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th December 2023, 11:58 am

മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇടം നേടിയ സിനിമയാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ക്രൈമും പൊലീസുമൊന്നുമില്ലാതെ ഒരു ചിത്രം ഈ കൂട്ടുകെട്ടില്‍ നിന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹന്‍ലാല്‍.

പൊലീസും ക്രൈമുമൊന്നും ഇല്ലാത്ത ഒരു സിനിമ ഏതാണ് ഉള്ളത് എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. ഇത്തരം സിനിമകള്‍ പ്രതീക്ഷിച്ചിട്ട് സംഭവിക്കുന്നതല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ക്രൈമും പൊലീസും ഒക്കെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ താത്പര്യമെന്നും ക്രൈം തെളിയിക്കേണ്ടത് പ്രേക്ഷകരുടെയും ഉത്തരവാദിത്തമായി മാറുന്നുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

‘ഇത്തരം സിനിമകള്‍ ഒന്നും നമ്മള്‍ പ്രതീക്ഷിച്ചിട്ട് ഉണ്ടാവുന്നത് അല്ലല്ലോ. പോലീസും ക്രൈമും ഒന്നുമില്ലാത്ത ഒരു സിനിമ ഏതാണ് ഉള്ളത്. കാണുന്ന പ്രേക്ഷകനും കൂടി താത്പര്യമാവുന്ന എന്തെങ്കിലും വേണമല്ലോ. ക്രൈമും പൊലീസും ഒക്കെ ആണല്ലോ ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടം. ഒരു ക്രൈം നടന്നിട്ട് അത് എങ്ങനെയാണ് തെളിയിക്കുക എന്നത് ആളുകളുടെയും കൂടെ ഉത്തരവാദിത്തമാണ്.

കാരണം സിനിമ കാണുമ്പോള്‍ അവരും കൂടി ഈ സിനിമയില്‍ ജോയിന്‍ ചെയ്യും. അങ്ങനെയാണ്. ഇപ്പോള്‍ ദൃശ്യം എന്ന സിനിമയില്‍ അയാള്‍ ചെയ്തത് തെറ്റാണോ ശരിയാണോ എന്നതല്ല പക്ഷെ പ്രേക്ഷകര്‍ ജോര്‍ജ്കുട്ടിയുടെ കൂടെയാണ് ജോയിന്‍ ചെയ്തത്. അതുപോലെ ഈ സിനിമയാണെങ്കിലും അല്ലെങ്കില്‍ ഏത് സിനിമയാണെങ്കിലും സിനിമ കൊണ്ട് പോവുന്ന ആളുകളുടെ കൂടെ പ്രേക്ഷകര്‍ കൂടെ ചേരണം എന്നാല്ലേ ആ സിനിമ വിജയമാവുകയുള്ളൂ. നേരിന്റെ കൂടെയും പ്രേക്ഷകര്‍ ചേരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍,’മോഹന്‍ലാല്‍ പറയുന്നു.

അതേസമയം ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രം നേര് ഉടനെ തിയേറ്ററുകളില്‍ എത്തും. ഒരു കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

content highlights: Audience wants police and crime, it is people’s responsibility to prove crime: Mohanlal