ഇതിനുമുൻപും ഇവിടെ സുഹൃത്തുകളുടെ കഥകൾ വന്നിട്ടില്ലേ, പിന്നെന്തുകൊണ്ട് ഈ ഫ്രണ്ട്ഷിപ്പ് ഇത്രമാത്രം ആഘോഷിക്കപ്പെടുന്നു?
Entertainment news
ഇതിനുമുൻപും ഇവിടെ സുഹൃത്തുകളുടെ കഥകൾ വന്നിട്ടില്ലേ, പിന്നെന്തുകൊണ്ട് ഈ ഫ്രണ്ട്ഷിപ്പ് ഇത്രമാത്രം ആഘോഷിക്കപ്പെടുന്നു?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th July 2022, 5:16 pm

ഒ.ടി.ടി റിലീസിന് ശേഷം ഡിയർ ഫ്രണ്ട് വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. സിനിമ കണ്ടവർ പ്രധാനമായും സംസാരിക്കുന്നത് സിനിമയിലെ സുഹൃദ് ബന്ധത്തെ കുറിച്ചാണ്.

വിനോദ്, ജന്നത്ത്, അർജുൻ, ശ്യാം, സജിത്ത്, അമുത എന്നീ കഥാപാത്രങ്ങൾ അടങ്ങുന്നതാണ് ഈ ഫ്രണ്ട്സ് സർക്കിൾ. ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ, ബേസിൽ ജോസഫ്, സഞ്ജന നടരാജൻ എന്നിവരാണ് ഈ ക്യാരക്ടറുകളെ അവതരിപ്പിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് ഈ സൗഹൃദം ഇത്രമാത്രം ആഘോഷിക്കപ്പെടുന്നത്?

ഇതിനുമുൻപും മലയാളത്തിൽ ഫ്രണ്ട്ഷിപ്പ് കേന്ദ്രീകരിച്ച് ധാരാളം സിനിമകൾ വന്നിട്ടുണ്ട്. പക്ഷെ ഈ സിനിമയിലെ സുഹൃത്തുക്കൾ പ്രോഗ്രസീവായ ആശയങ്ങൾ പങ്കുവെക്കുന്ന, ബന്ധങ്ങളിൽ പാലിക്കേണ്ട മര്യാദ കൃത്യമായി പാലിക്കുന്ന ആളുകളാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധം പരിശോധിച്ചാൽ അത് മനസ്സിലാക്കാം.

ഡിയർ ഫ്രണ്ടിൽ കൂടുതൽ മനോഹരമായി പലർക്കും തോന്നിയത് ജന്നത്തും വിനോദും തമ്മിലുള്ള ബന്ധമാണ്. തുടക്കത്തിൽ ബാക്കി സുഹൃത്തുക്കൾ മൊത്തം പറഞ്ഞിട്ടും സൂപ്പർമാന്റെ വേഷമിടാൻ തയ്യാറാകാത്ത വിനോദ് ജന്നത്ത് പറയുമ്പോൾ അത് കേൾക്കുന്നുണ്ട്.

റൂമടച്ചിരിക്കുന്ന വിനോദ് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേൾക്കുമ്പോൾ ചോദിക്കുന്നത് ജന്നത്ത് അല്ലെ എന്നാണ്. പാളിപ്പോയ ആ ബർത്ത്‌ഡേ സെലിബ്രേഷന്റെ അവസാനം വിഷമിക്കുന്ന വിനോദിനടുത്തേക്ക് ആദ്യം ചെല്ലുന്നതും ജന്നത്ത് ആണ്.

പങ്കാളികളായ അർജുനും ജന്നത്തും നടക്കാനിറങ്ങുമ്പോൾ പോലും കൂടെയുള്ള വിനോദിനെ അവൾ ഒറ്റയ്ക്കാക്കുന്നില്ല. മുന്നിൽ നടക്കുന്ന വിനോദിനടുത്തേക്ക് ഓടിച്ചെന്ന് പാട്ടുകേട്ട് അവർ ഒന്നിച്ച് നടക്കുന്നു. അപ്പോൾ ഫ്രേയ്മിൽ അർജുൻ അവർക്ക് പിന്നിലാണ്. രാത്രിയിൽ പാട്ട് കേട്ട് റോഡിലൂടെ നടക്കുന്ന വിനോദും ജന്നത്തും വരുന്ന സീൻ അവരുടെ ബന്ധം പ്രേക്ഷകർക്കുള്ളിൽ അടയാളപ്പെടുത്തുന്നുണ്ട്.

മെന്റൽ ഹെൽത്ത് ഇഷ്യൂസിനെ തുടർന്ന് ജന്നത്തിന്റെ ക്ലിനിക്കിലെത്തുന്ന വിനോദിന്റെ വേദന അവൾ മനസ്സിലാക്കുന്നുണ്ട്. അവർക്കിടയിലെ കംഫെർട്ടിന്റെ വലിയൊരു സോൺ അവിടെ നിർമിക്കപ്പെടുന്നുണ്ട്.

പല കാമുകന്മാരേയും പോലെ പങ്കാളിയുടെ ബന്ധങ്ങളിൽ അനാവശ്യമായി കൈകടത്തുന്ന ആളല്ല അർജുൻ. അവൾക്ക് അവളുടേതായ സ്പേസും സ്വാതന്ത്ര്യവും ആ റിലേഷനിൽ ഉണ്ട്. ജന്നത്തും അർജുനും തമ്മിലുള്ള പ്രേമത്തിൽ പോലും അവർ അവരുടെ സ്വകാര്യതയുടെ അതിർത്തി ലംഘിക്കുന്നില്ല. കാമുകി കാമുകന്മാർക്കിടയിൽ ഉണ്ടാകേണ്ട പരസ്പര മര്യാദ അവർ കൃത്യമായി പാലിക്കുന്നുണ്ട്.

ഇനി വിനോദും അമുതയും തമ്മിലുള്ള റിലേഷൻ നോക്കുകയാണെങ്കിലും പരസ്പര ബഹുമാനത്തിന്റെ വലിയൊരു സാധ്യത അവിടെ കാണാൻ പറ്റുന്നതാണ്. അമുതയുടെ പ്രൊപോസൽ അവൻ നിരസിച്ചപ്പോൾ പോലും പിന്നീട് ഒരിക്കൽ പോലും അത് മനസിൽവെച്ച് ബിഹേവ് ചെയ്യാൻ രണ്ടുപേരും തയ്യാറാകുന്നില്ല.

അവരുടെ പേഴ്സണൽ സ്പേസിൽ നടന്ന ആ കാര്യം മറ്റൊരു സുഹൃത്തിനോടും അവൻ പറയുന്നത് പോലുമില്ല. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നത് ഇങ്ങനെയും കൂടെയാണ്. പ്രൊപോസലുകളോട് നോ പറഞ്ഞ ശേഷം എങ്ങനെ ബിഹേവ് ചെയ്യണമെന്നതിനുള്ള ശരിയായ മാതൃകയായി ഇതിനെ വിലയിരുത്താം.

ശ്യാമും വിനോദും തമ്മിലും ബ്യുട്ടിഫുള്ളായ പല നിമിഷങ്ങളും പങ്കുവെക്കുന്നുണ്ട്. കരിയർ ഫ്ലോപ്പ് ആകുമെന്ന് പേടിച്ചിരിക്കുന്ന ശ്യാമിന് വിനോദ് നൽകുന്ന ആശ്വാസം ചെറുതല്ല. ബാറിൽ വെച്ച് അവർ കെട്ടിപിടിക്കുന്ന സീനും അപ്പോഴുണ്ടാകുന്ന അവരുടെ സംസാരവും അവരുടെ റിലേഷന്റെ ഡെപ്ത് മനസ്സിലാക്കി തരുന്നുണ്ട്.

സത്യത്തിൽ ഇത് ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ്. അവരുടെ സന്തോഷത്തിന്റെയും നിരാശയുടെയും സ്നേഹത്തിന്റെയും പ്രേമത്തിന്റെയും ചതിയുടെയും കഥയാണ്. പക്ഷെ ആ കൂട്ടത്തിലെ ഓരോ മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിലെ വൈവിധ്യമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഈ കാലഘട്ടത്തിൽ പലരും പുലർത്തുന്ന, പലരും ആഗ്രഹിക്കുന്ന ബന്ധങ്ങളാണത്. അതുകൊണ്ട് കൂടെയാണ് ഈ സൗഹൃദം പ്രേക്ഷകർക്ക് കണക്ട് ആവുന്നതും വലിയ രീതിയിൽ ആഘോഷിക്കുന്നതും.

Content Highlight: Audience talking more about the beautiful friendship in the movie Dear Friend