എട്ട് വര്‍ഷത്തിന് ശേഷമുള്ള താരയുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ് തെന്നിന്ത്യ. വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും പൊങ്കല്‍ ദിനമായ ജനുവരി 11ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വമ്പന്‍ പ്രതീക്ഷകളുമായി എത്തിയ ചിത്രങ്ങളുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകപ്രതികരണങ്ങളും പുറത്ത് വന്നിരിക്കുകയാണ്.
എഫ്.ഡി.എഫ്.എസ് കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് വാരിസിന് ലഭിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു കംപ്ലീറ്റ് വിജയ് ഷോ തന്നെയാണ് കാണാനാവുന്നതെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞു. ഫാമിലി ഓഡിയന്‍സിനെ കൂടി കയ്യിലെടുക്കുന്ന നിലക്കാണ് ചിത്രം ഒരുക്കിയതെന്ന് പ്രേക്ഷകര്‍ പറയുന്നു. രശ്മിക- വിജയ് കോമ്പോയും മികച്ചതായിരുന്നു എന്ന് പ്രേക്ഷകര്‍ പറയുന്നു. ഇമോഷണല്‍ ലൈന്‍ പിടിച്ചാണ് ചിത്രം മുന്നേറുന്നതെന്നും അഭിപ്രായങ്ങളുയരുന്നു.
അജിത്തിന്റെ തുനിവിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അജിത്ത് ഫാന്‍സിന് വേണ്ടി ഒരുക്കിയ ഫസ്റ്റ് ഹാഫും കഥയിലേക്കും സന്ദേശം നല്‍കുന്നതിലേക്കും ശ്രദ്ധ ചെലുത്തിയ സെക്കന്റ് ഹാഫുമാണ് തുനിവെന്ന് പ്രേക്ഷകര്‍ പറയുന്നു. അജിത്തിന്റെ കടുത്ത ആരാധകര്‍ പോലും ചിത്രം നിരാശപ്പെടുത്തിയെന്ന് പറഞ്ഞു. ക്ലൈമാക്‌സ് കുറച്ചുകൂടി മികച്ചതാക്കാമെന്നും പ്രേക്ഷകര്‍ പറയുന്നു. വലിമൈയ്ക്ക് ശേഷം എച്ച്. വിനോദ് വീണ്ടും നിരാശപ്പെടുത്തിയെന്നും അഭിപ്രായങ്ങളുയര്‍ന്നു. അതേസമയം ചിത്രം തൃപ്തിപ്പെടുത്തിയെന്നും അജിത്ത് മികച്ച പ്രകടനമായിരുന്നു എന്നും ചില ആരാധകര്‍ പറഞ്ഞു.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസില്‍ തെലുങ്ക് ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സ്റ്റൈലും ഒത്തുചേര്‍ന്നിട്ടുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ നിര്‍മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.
ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയ വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
അജിത്തിന്റെ വാരിസില്‍ മഞ്ജു വാര്യരും ഒരു കേന്ദ്രകഥാപാത്രമായി എത്തിയിരുന്നു. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
Content Highlight: audience responses of varisu and thuniv after first show